ദേവനന്ദയുടെ മരണത്തെപ്പറ്റിയുള്ള ദുരൂഹത നീങ്ങുന്നില്ല. ദേവനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ പള്ളിമണ്‍ ആറ്റിന്റെ ഇളവൂര്‍ ഭാഗത്തെ വിവിധയിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പോലീസ് ചളി ശേഖരിച്ചു. ഫോറന്‍സിക് സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണിത്.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സമയത്ത് കുട്ടിയുടെ വയറ്റില്‍ കണ്ടെത്തിയ ചളി ആറ്റിന്റെ ഏതു ഭാഗത്തുള്ളതാണെന്ന് കണ്ടെത്തുന്നതിനാണ് ചളിയുടെ സാമ്പിള്‍ എടുത്തത്. ഇത് അന്വേഷണസംഘം ഫോറന്‍സിക് ലാബിലേക്കയച്ചിട്ടുണ്ട്. കൊല്ലത്തു നിന്നെത്തിയ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീമാണ് ചളി ശേഖരിച്ചത്.

ആറ്റില്‍ തള്ളിയിട്ടതാണോയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ആറ്റിന്റെ മധ്യഭാഗത്ത് കരിങ്കല്‍ കൂട്ടമുണ്ടെങ്കിലും അതില്‍ കുട്ടിയുടെ ശരീരം തട്ടിയിട്ടില്ല. ഈ പാറയില്‍ തട്ടാതെ ഒഴുകിപ്പോകുക പ്രയാസമാണെന്ന് പറയുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നെങ്കില്‍ മാത്രമേ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകള്ളൂവെന്ന് പോലീസ് പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. കാണാതായി ഒരു മണിക്കൂറിനുശേഷമാണ് കുട്ടി മരിച്ചതെന്ന റിപ്പോര്‍ട്ടാണ് സംശയത്തിനിടയാക്കിയത്.