ചലച്ചിത്ര താരം അനിൽ നെടുമങ്ങാട് (48) തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ചു. സിനിമ ചിത്രീകരണത്തിന്റെ ഇടവേളയിൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. മൃതദേഹം നാളെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തി പോസ്റ്റുമാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും. വൈകുന്നേരം 5മണിക്കാണ് ഇടുക്കി തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടിൽ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചത്. ജലാശയത്തിൽ കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ മുങ്ങിത്താണു. ഒപ്പമുണ്ടായിരുന്ന പാലാ സ്വദേശികളായ സുഹൃത്തുക്കൾ നാട്ടുകാരെ വിവരം അറിയിക്കുകയും, പ്രദേശവാസിയായ യുവാവ് അനിലിനെ കരയ്ക്കെത്തിക്കുകയുമായിരുന്നു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

വെള്ളത്തിൽ വീണ് എട്ടു മിനിട്ടിനുള്ളിൽ കരയ്ക്കെത്തിനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴയിൽ ജോജു ജോർജ് നായകനായ സിനിമയുടെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. കെ സൻഫീർ സംവിധാനം ചെയ്യുന്ന പീസ് എന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു അനിൽ ചെയ്തിരുന്നത്.

അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയവ സമീപകാല ഹിറ്റുകളാണ്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ശ്രദ്ധേയവേഷത്തിലൂടെ മുഖ്യധാരാ സിനിമയില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയ നടനായിരുന്നു. നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ടെലിവിഷനിലും സജീവമായി. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, തെളിവ്, പാവാട, കമ്മട്ടിപ്പാടം തുടങ്ങിയവയിലും ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തു.

‘തൽക്കാലം ഈ അയ്യപ്പനും കോശിയും സീരിയസ് ഒന്നു കഴിയട്ടെ.. എന്നിട്ടാകാം..’ ഡയലോഗിൽ പറഞ്ഞുവച്ച പോലെ തന്റേതായ ഒരു കാലഘട്ടം അടയാളപ്പെടുത്താൻ ഒരുങ്ങുമ്പോഴാണ് അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗം. അയ്യപ്പനും കോശിയും എന്ന സിനിമ സമ്മാനിച്ച സച്ചിയുടെ പിറന്നാൾ ദിനത്തിലാണ് അപകടം എന്നതും ആരാധകരുടെ ഉള്ളുലയ്ക്കുന്നു. ഇന്ന് രാവിലെയും സച്ചിനെ അനുസ്മരിച്ച് അദ്ദേഹം കുറിപ്പ് പങ്കിട്ടിരുന്നു. ‘ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.’ അനിൽ രാവിലെ ഫെയ്സ്ബുക്കിൽ കുറിച്ചു.