ലോകം മുഴുവന്‍ മാതൃദിനം വലിയ നിലയില്‍ ആഘോഷിക്കുകയാണ്. അമ്മയുമൊത്തുള്ള ചിത്രങ്ങളും കുറിപ്പുകളുമാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. അമ്മമാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഷെയറു ചെയ്തു കൊണ്ടും, കുറുപ്പുകള്‍ പങ്കുവെച്ചുമാണ് കൂടുതല്‍ പേരും മാതൃദിനം ആഷോഷിച്ചത്. ചിലര്‍ക്കെങ്കിലും നോവോര്‍മ്മയാണ് മാതൃദിനം.
ലോകമെമ്പാടുമുള്ളവർ അമ്മയെ ഓര്‍മിക്കുമ്പോള്‍ നോവായി ഒരു കുറിപ്പ്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ദേവാൻഷി എന്ന പെൺകുട്ടിയുടെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കണ്ണുനിറയാതെ ഈ കുറിപ്പ് വായിച്ചുതീർക്കാനാകില്ല.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
‘ഇന്നലെ കഴിഞ്ഞതു പോലെ ഞാന്‍ എല്ലാം ഓര്‍ക്കുന്നു. ദീപാവലി അവധിയായതിനാല്‍ മാതാപിതാക്കളെ കാണാനായി വീട്ടിലേക്ക് പോയതായിരുന്നു ഞാന്‍. അമ്മയാണ് എന്നെ കൂട്ടാനായി എത്തിയത്. വഴിയില്‍ വെച്ച് ഭക്ഷണം കഴിക്കാനായി ഞങ്ങള്‍ ഒരു കഫേയിലേക്ക് കയറി. അമ്മ എനിക്ക് പിന്നാലെ വളരെ പതുക്കെയായിരുന്നു വരുന്നത്. ഞാന്‍ വളരെ പെട്ടന്ന് മുകളിലേക്ക് കയറുകയായിരുന്നു. വലിയൊരു ശബ്ദം കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്.
തല തകര്‍ന്ന് രക്തത്തില്‍ കുളിച്ച് നിലത്തുകിടക്കുന്ന അമ്മയെയാണ് കണ്ടത്. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് മനസ്സിലായില്ല. ഏറെ നേരത്തേയ്ക്ക് അവിടെ ആരും ഞങ്ങളെ സഹായിക്കാനായി മുന്നോട്ടു വന്നില്ല. അച്ഛനെ വിളിച്ച് ഞാന്‍ കാര്യം പറഞ്ഞു. ആ സമയത്ത് വെറും 13 വയസ്സുമാത്രമായിരുന്നു എനിക്ക് പ്രായം. ആള്‍ക്കൂട്ടത്തില്‍ നന്മയുള്ള ഒരാള്‍ എന്നെ സഹായിക്കാനായി മുന്നോട്ട് വന്നു. അയാളുടെ സഹായത്തോടെ അമ്മയെ ഒരു ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ നല്‍കിയെങ്കിലും അമ്മ കോമ സ്റ്റേജിലായി.
എല്ലാം എന്‍റെ തെറ്റായിരുന്നുവെന്നാണ് ആ സമയത്ത് എന്‍റെ മനസ്സ് പറഞ്ഞത്. ഞാന്‍ അമ്മയ്ക്കൊപ്പം നടന്നിരുന്നുവെങ്കില്‍ ഒരു പക്ഷേ ആ അപകടമുണ്ടാകുമായിരുന്നില്ല. പെട്ടന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് എന്‍റെ മനസ്സ് എന്നോട് പറഞ്ഞു. ഞാന്‍ ആകെ തകര്‍ന്നതു പോലെയായി. എന്‍റെ അമ്മ അവരെനിക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു. എന്‍റെ എല്ലാമായിരുന്നു. എന്‍റെ ആത്മസുഹൃത്തായിരുന്നു. അവരെ രക്ഷിക്കാന്‍ എനിക്ക് സാധിച്ചില്ലല്ലോയെന്ന ഓര്‍മ്മ എന്നെ വേദനിപ്പിച്ചു.
ഞങ്ങള്‍ പല ആശുപത്രിയിലും കൊണ്ടു പോയി അമ്മയ്ക്ക് നല്ല ചികിത്സ ലഭ്യമാക്കി. പക്ഷേ വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല. ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ട് അവരെ മരിക്കാന്‍ അനുവദിക്കണമെന്ന് അക്കൂട്ടത്തില്‍ ഒരു ഡോക്ടര്‍ ഞങ്ങളോട് പറഞ്ഞു. ലവിത(അമ്മ) യായിരുന്നു എന്‍റെ സ്ഥാനത്തെങ്കില്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ അനുവദിക്കില്ലായിരുന്നെന്ന് ആ സമയത്ത് അച്ഛന്‍ എന്നോട് പറഞ്ഞു.
നീ എനിക്കൊപ്പമുണ്ടെങ്കില്‍ നമുക്ക് ഒരുമിച്ച് ഫൈറ്റ് ചെയ്യാം. അമ്മയെ സംരക്ഷിക്കണമെന്നും അച്ഛന്‍ എന്നോട് പറഞ്ഞു. ഞങ്ങള്‍ അമ്മയെ വീട്ടിലേക്ക് കൊണ്ടു വന്നു.പരിചരണത്തിന് നഴ്സിനെ വെച്ചു. ഒരോ ദിവസവും ഞങ്ങള്‍ അമ്മയോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തി. ഞങ്ങള്‍ രണ്ടു പേരും അമ്മയോട് സംസാരിക്കും. ചില ദിവസങ്ങളില്‍ അമ്മയില്‍ ചെറിയൊരു പുഞ്ചിരിയുണ്ടായി. ഞങ്ങള്‍ക്കറിയാം അമ്മ ഞങ്ങളോട് സംസാരിക്കുന്നുണ്ടെന്ന്. ഞങ്ങളുടെ സംസാരം കേള്‍ക്കുന്നുണ്ടെന്ന്. എനിക്കുറപ്പുണ്ട് ഞങ്ങള്‍ വീണ്ടും പഴയതു പോലെ പെര്‍ഫെക്ട് കുടുംബമാകുമെന്ന്’.
Leave a Reply