തിരുവനന്തപുരം: ജയിലിനുള്ളില്‍ തടവുകാരെക്കൊണ്ട് നടത്തുന്ന കശാപ്പിനോട് തനിക്ക് യോജിപ്പില്ലെന്ന് ജയില്‍ ഡിജിപി ആര്‍. ശ്രീലേഖ. കത്തിയും രക്തവുമൊക്കെയാണ് അവരെ തടവുകാരാക്കിയത് അങ്ങനെയുള്ള അവരെ കശാപ്പിന്റെ പേരില്‍ വീണ്ടും അത്തരം പ്രവൃത്തികളിലേക്ക് നയിക്കുന്നത് ശരിയല്ല. നെട്ടുകാല്‍ത്തേരിയിലുള്ള തുറന്ന ജയിലില്‍ തടവുകാര്‍ കശാപ്പ് ചെയ്യുന്ന മാംസം ഉപയോഗിച്ചാണ് സെന്‍ട്രല്‍ ജയില്‍ വഴിയുള്ള ജയില്‍ വകുപ്പിന്റെ മാംസാഹാര വില്‍പ്പന. അതിനാല്‍ തന്നെ ജയില്‍ മെനുവില്‍ നിന്നും മട്ടനൊഴിവാക്കി ചിക്കനും മുട്ടയും ആക്കുന്നത് പരിഗണനയിലാണെന്നും ഡിജിപി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ താറാവ് ഫാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ജയില്‍ മേധാവിയുടെ പ്രതികരണം. പശുവും കോഴിയും ആടുമടക്കം നിരവധി വളര്‍ത്തുമൃഗങ്ങളെ നെട്ടുകാല്‍ത്തേരിയിലെ തടവുകാരുടെ നേതൃത്വത്തില്‍ സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ മാംസത്തിനായി ഇവയെ കൊല്ലുന്നതിലൂടെ തടവുകാരുടെ മനസ്സില്‍ വീണ്ടും ക്രൂരമായ ചിന്താഗതി വളരാന്‍ സാധ്യതയുണ്ട്. അതിനാലാണ് താറാവ് ഫാമിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ മുട്ടത്താറാവുകള്‍ മതിയെന്ന അഭിപ്രായം താന്‍ മുന്നോട്ട് വെച്ചതെന്നും ആണ്‍ താരാവുകളാണെങ്കില്‍ അവയേയും മാംസത്തിനായി കശാപ്പ് ചെയ്യുന്നത് ഒഴിവാക്കാനായാണ് ഇങ്ങനൊരു തീരുമാനത്തില്‍ എത്തിയതെന്നും ഡിജിപി വ്യക്തമാക്കി.

നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ തടവുകാര്‍ക്ക് പൊതുവേ മറ്റു ജയിലുകളേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. പക്ഷേ പുറത്തുള്ള ആള്‍ക്കാരുമായി തടവുകാര്‍ രഹസ്യബന്ധം നടത്തുന്നതായും ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് നല്‍കുന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന നടപടിയാണെന്നും ഇത്തരം കാര്യങ്ങള്‍ ഇനിയും ശ്രദ്ധയില്‍ പെട്ടാല്‍ ജയിലില്‍ മൊബൈല്‍ ജാമര്‍ ഘടിപ്പിക്കുന്നതടക്കമുള്ള ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഡിജിപി വ്യക്തമാക്കി.