തിരുവനന്തപുരം: ഡിജിപി ടി.പി.സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സുപ്രീംകോടതി വിധി അന്തിമമാണ്. വിധി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി നടപടി തുടങ്ങിയെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാല്‍, സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒരാഴ്ചയായി സംസ്ഥാനത്ത് ഡിജിപിയില്ലാത്ത അവസ്ഥയാണെന്ന് എം.ഉമ്മര്‍ എംഎല്‍എ ആരോപിച്ചു. സെന്‍കുമാറിന്റെ നിയമനം സര്‍ക്കാര്‍ മനഃപൂര്‍വം വൈകിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് ഓണ്‍ലൈനില്‍ ലഭിച്ചതുമുതല്‍ വിധി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി നടപടി തുടങ്ങിയിരുന്നുവെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇക്കാര്യത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചത് ഇന്നലെയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭയില്‍ ചര്‍ച്ച ചെയ്യുന്നതിന് പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിനിടെ, അടിയന്തര പ്രമേയം അവതരിപ്പിച്ച എം. ഉമ്മറിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തി. സാധാരണ നല്ല രീതിയില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ആളാണ് ഉമ്മര്‍. എന്നാല്‍, ഇത്തവണ വളരെ പരിതാപകരമായാണ് അദ്ദേഹം വിഷയം അവതരിപ്പിച്ചത്. വിഷയത്തിന്റെ ഗൗരവമില്ലായ്മയാണ് ഇതിലൂടെ വെളിവാകുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതിനിടെ, ഇപ്പോള്‍ ആരാണ് ഡിജിപിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍വച്ച് മുഖ്യമന്ത്രിയോടു ചോദിച്ചെങ്കിലും ഉത്തരം നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ഇതോടെ, ഡിജിപി ആരെന്ന് മുഖ്യമന്ത്രിക്കു പറയാന്‍ സാധിക്കാത്തതു ലജ്ജാകരമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രംഗത്തെത്തി.
ഡിജിപി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും ഇതിന് അനുമതി ലഭിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചതോടെ, പുനര്‍നിയമന വിഷയത്തില്‍ സര്‍ക്കാരും ടി.പി.സെന്‍കുമാറും സുപ്രീംകോടതിയില്‍ വീണ്ടും ഏറ്റുമുട്ടാനുള്ള സാധ്യത മങ്ങി. സെന്‍കുമാറിന്റെ പുനര്‍നിയമന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെന്‍കുമാറിനു പകരം ബെഹ്‌റെയ നിയമിച്ച ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി സെന്‍കുമാറിന് പുനര്‍നിയമനം നല്‍കാന്‍ വിധി പുറപ്പെടുവിച്ചത്. അതിനാല്‍ സെന്‍കുമാറിന് പുനര്‍നിയമനം നല്‍കുമ്പോള്‍ അതേറാങ്കിലുളള ലോകനാഥ് ബെഹ്‌റയടക്കമുള്ളവരുടെ കാര്യത്തില്‍ തുടര്‍നടപടി എന്തു വേണമെന്ന് വ്യക്തത തേടിയാകും സര്‍ക്കാരിന്റെ ഹര്‍ജിയെന്നായിരുന്നു വിവരം.
പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിക്കുമോയെന്ന് വ്യക്തമല്ല. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നത് വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ചു സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യത്തില്‍നിന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍ ഇന്നലെ നാടകീയമായി പിന്‍മാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സെന്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയിലെത്തിയെങ്കിലും ഹര്‍ജി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ അവസാന നിമിഷം പിന്‍മാറുകയായിരുന്നു. ഇതോടെ, പുനര്‍നിയമന വിഷയത്തില്‍ ഇരുകൂട്ടരും സമവായത്തിലെത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
Leave a Reply