ദിലീപിന് ജാമ്യം കിട്ടിയെന്ന വാര്‍ത്ത അറിഞ്ഞതോടെ ആലുവ സബ്ജയിലിന് മുന്നില്‍ ആരാധകരുടെ ആഹ്ലാദ പ്രകടനമായിരുന്നു. 85 ദിവസത്തിന് ശേഷമാണ് ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ജാമ്യമല്ലേ കിട്ടിയുള്ളൂ, ഓസ്‌കര്‍ ഒന്നുമല്ലല്ലോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ദിലീപ് അനുകൂലികളുടെ ആഹ്ലാദ പ്രകടനത്തിനും കിട്ടിയിട്ടുണ്ട് നിരവധി ട്രോള്‍. ജയിലില്‍ നിന്നും വന്ന ദിലീപ് പണ്ടത്തേക്കാള്‍ സുന്ദരനായെന്നാണ് മറ്റുചിലര്‍ കളിയാക്കുന്നത്. ഗോവിന്ദചാമിയുടെ അന്നും ഇന്നും എന്ന ഫോട്ടോ താരതമ്യപ്പെടുത്തിയാണ് ദിലീപിനെ കളിയാക്കിയത്.

ജയിലിനകത്ത് ഷേവിംഗ് ഇല്ലായിരുന്നെങ്കിലും ഡൈ ഉണ്ടായിരുന്നെന്നു തോന്നുവെന്നും ചിലര്‍. ഒന്നര കോടിയുടെ ക്വട്ടേഷന് ഒരു ലക്ഷത്തിന്റെ ബോണ്ട് നല്‍കിയാല്‍ മതിയെന്ന കോടതിയുടെ ഉത്തരവിനെയും ആളുകള്‍ പരിഹസിച്ചു.

‘ദിലീപേട്ടനെ ഒന്ന് കണ്ടാ മതി’ എന്ന് പറഞ്ഞ് ആലുവ സബ്ജയിലിന് മുന്നില്‍ പൊട്ടിക്കരഞ്ഞ നടന്‍ ധര്‍മജനെയും ട്രോളര്‍മാര്‍ വെറുതെവിട്ടില്ല. ഓവര്‍ ആക്ടിങ് ആണെന്നും അഭിനയിച്ച് കുളമാക്കല്ലെന്നുമാണ് കമന്റുകള്‍.

നടന്‍ മദ്യപിച്ച് എത്തിയാണ് കരച്ചില്‍ പ്രകടനം നടത്തിയെന്നും ആരോപണങ്ങള്‍ ഉണ്ട്. ധര്‍മജന്‍ അടിച്ചത് മണവാട്ടിയാണോ മൂലവെട്ടിയോ? താരം മിക്‌സ് ചെയ്ത ബ്രാന്‍ഡ് ഏതൊക്കെയാണെന്നറിഞ്ഞിരുന്നേല്‍ കുമ്മനഞ്ചീക്ക് പറഞ്ഞുകൊടുക്കാമായിരുന്നുവെന്നും ചിലര്‍ പറഞ്ഞു. ദിലീപിന് വേണ്ടി കൂളിങ് ഗ്ലാസ് ധരിച്ച് പൊട്ടിക്കരഞ്ഞ മഹാനടനെന്ന അവാര്‍ഡും ധര്‍മജന് ട്രോളര്‍മാര്‍ നല്‍കിയിട്ടുണ്ട്.