ഷെറിൻ പി യോഹന്നാൻ
പല രാജ്യങ്ങളിലായി, വിവിധ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട മലയാള ചിത്രമെന്ന നിലയിൽ മാത്രമല്ല ദൃശ്യം ഇന്നും പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നത്. ഒരു ഫാമിലി ഡ്രാമ പ്രതീക്ഷിച്ചുപോയവരെ ഞെട്ടിപ്പിച്ചുകൊണ്ടാണ് ജീത്തു ജോസഫ് കഥ പറഞ്ഞത്. ‘ദൃശ്യം എഫക്ട്’ പിന്നീട് വന്ന മലയാള സിനിമകളെയും സ്വാധീനിച്ചിരുന്നു. ഒരു മാസ്റ്റർപീസ് സിനിമയുടെ സീക്വലുമായി അതെ സംവിധായകൻ എത്തുമ്പോൾ ആ ആത്മവിശ്വാസത്തെ കുറച്ചുകാണരുതെന്ന മുന്നറിയിപ്പുണ്ടായിരുന്നു. യഥാർത്ഥത്തിൽ ദൃശ്യം 2 ന്റെ വിജയം അവിടുന്നാണ് ആരംഭിച്ചത്.
positives : രണ്ടാം ഭാഗത്തിന്റെ ഭൂരിഭാഗവും ഒരു ഫാമിലി ഡ്രാമ എന്ന നിലയിൽ ആണെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് ‘ഇനിയെന്ത്’ എന്നുള്ള ചോദ്യം തന്നെയാണ്. ആദ്യപകുതിയുടെ അവസാനം മുതലുള്ള സീനുകൾ എൻഗേജിങ് ആയിരുന്നു. പ്രേക്ഷകൻ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ തന്നെയാണ് ഈ സിനിമയുടെ ശക്തിയും. അത് അനുയോജ്യമായ സമയത്ത് പ്ലേസ് ചെയ്തതുകൊണ്ടാണ് ചിത്രം കൂടുതൽ ശക്തമായത്. ആദ്യപകുതിയിൽ അപ്രധാനമെന്ന് തോന്നിയ പലതും ക്ലൈമാക്സിൽ വളരെ സുപ്രധാന സംഗതികളായി മാറ്റിയെടുക്കാൻ ജീത്തു ജോസഫിന് കഴിഞ്ഞിട്ടുണ്ട്.
വൻ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിട്ടും സിംപിൾ ആയ മേക്കിങ് സ്റ്റൈൽ, നല്ല സബ്പ്ലോട്ടുകൾ, ക്ലാസ്സ് ബിജിഎം, കഥാഗതിയെ നിർണയിക്കുന്ന ശക്തമായ പ്രകടനങ്ങൾ എന്നിവ ദൃശ്യം 2നെ തൃപ്തികരമാക്കി മാറ്റുന്നു. കണ്ടിന്യൂവിറ്റി അടക്കമുള്ള കാര്യങ്ങളിൽ സൂക്ഷ്മമായി ശ്രദ്ധ ചെലുത്തിയാണ് ചിത്രം ഒരുക്കിയെടുത്തിട്ടുള്ളത്. മോഹൻലാലിന്റെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പഴയ ലാലേട്ടനെ അതേപടി തിരിച്ചുകിട്ടിയെന്ന് പറയുന്നവരോട് വ്യക്തിപരമായി യോജിപ്പില്ല. ക്ലൈമാക്സിൽ നായകനെ വെള്ളപൂശി കാണിക്കാനുള്ള ശ്രമവും നടന്നിട്ടില്ല.
negatives : ചിത്രത്തിന്റെ തുടക്കം മികച്ചതായി തോന്നിയില്ല. ജോർജ്കുട്ടിയുടെ വക്കീലിന്റെ കോർട്ട് റൂം പെർഫോമൻസ്, ഔട്ടോ ഡ്രൈവർമാരുടെ പ്രകടനം എന്നിവ നന്നായിരുന്നില്ല. പല ട്വിസ്റ്റുകളും അൺറിയലിസ്റ്റിക് പാതയിലൂടെ സഞ്ചരിച്ചതായി അനുഭവപ്പെട്ടു. എന്നാൽ ആദ്യകാഴ്ചയിൽ അതൊരു പോരായ്മയായി തോന്നില്ല.
last word – ദൃശ്യത്തെക്കാൾ മികച്ചതെന്ന് അവകാശപ്പെടാനില്ല. എന്നാൽ ആദ്യ ഭാഗത്തോട് നീതി പുലർത്തിയ രണ്ടാം വരവ്. കണ്ടിരിക്കേണ്ട ചിത്രം.
സൂപ്പർസ്റ്റാർ ചിത്രങ്ങൾ ഇറക്കിയാൽ തീരാവുന്ന അയിത്തമേ ഒടിടിയോട് ഉള്ളൂ എന്നതിന്റെ തെളിവാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രൈം മെമ്പർഷിപ്പ് എടുത്തവരുടെ എണ്ണം. ഇൻഡസ്ട്രി ഹിറ്റ് ആവേണ്ട ചിത്രമായിരുന്നുവെന്ന വിലാപം മുഴക്കി ടെലിഗ്രാം തേടിപോകുന്നവരുടെ എണ്ണവും ചെറുതല്ല. ഈ ചിത്രം കാശ് മുടക്കിതന്നെ കാണുക. ആ വിജയം ജീത്തു ജോസഫും ദൃശ്യം 2വും അർഹിക്കുന്നുണ്ട്.
Leave a Reply