ന്യൂസ് ഡെസ്ക്, മലയാളം യുകെ

2000 – ന്റെ തുടക്കത്തിലാണ് ബ്രിട്ടനിലേയ്ക്ക് വലിയ തോതിൽ മലയാളി കുടിയേറ്റം ആരംഭിച്ചത്. ആരോഗ്യ മേഖലയിലെ വിവിധ ജോലികൾക്കാണ് ഭൂരിപക്ഷം മലയാളികളും യുകെയിലെത്തിയത്. ബ്രിട്ടനിൽ കുടിയേറിയ മലയാളികളുടെ രണ്ടാം തലമുറയിൽ പെട്ട കുട്ടികൾ എല്ലാ മേഖലകളിലും അഭിമാനാർഹമായ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ലോകമെങ്ങുമുള്ള മലയാളികൾക്ക് അഭിമാനകരമായ ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ പ്രസിദ്ധീകരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ബുദ്ധിയുള്ളവരുടെ സംഘടനയിൽ ഇടം പിടിച്ചിരിക്കുകയാണ് യുകെയിലെ സറ്റണിൽ നിന്നുള്ള മലയാളി വിദ്യാർത്ഥി . ആറാം ക്ലാസിൽ പഠിക്കുന്ന ധ്രുവ് പ്രവീൺ ആണ് ഈ അഭിമാനർഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്. ഉയർന്ന ഐക്യൂ ഉള്ളവർക്ക് ഒരുമിച്ച് വരാനും അവരുടെ ബൗദ്ധിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയായ മെൻസയിലാണ് ഈ കൊച്ചു മിടുക്കൻ അംഗമായിരിക്കുന്നത് . മെൻസയുടെ ഐക്യൂ പരീക്ഷയിൽ പങ്കെടുക്കുന്നവരിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ 2% പേരെ മാത്രമാണ് അംഗങ്ങളായി തിരഞ്ഞെടുക്കുന്നത്. ഇതുവരെ 1,40,000 അംഗങ്ങൾ മെൻസയുടെ പ്രവേശന പരീക്ഷയിൽ വിജയിച്ച് അംഗങ്ങളായിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

21 വർഷം മുമ്പ് കേരളത്തിൽനിന്ന് ലണ്ടനിൽ എത്തിയതാണ് ധ്രുവിന്റെ കുടുംബം . പിതാവ് പ്രവീൺ എസ് കുമാർ നേവൽ ആർക്കിടെക്ടാണ്. മാതാവ് പ്രലിന എൻഎച്ച്എസിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. സൗത്ത് എറണാകുളം ഇടപ്പള്ളി സ്വദേശികളായ ധ്രുവിൻ്റെ മാതാപിതാക്കൾ സൗത്ത് ലണ്ടനിലെ സറ്റണിൽ ആണ് താമസിക്കുന്നത്. ഏക സഹോദരി ദേവിക പ്രവീൺ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയാണ്. ഏപ്രിൽ 17 ന് നടന്ന പ്രവേശന പരീക്ഷയിൽ 162 സ്കോർ നേടിയാണ് ധ്രുവ് ഈ അപൂർവ നേട്ടം കൈവരിച്ചത്.