സാധാരണ നിലയിലുള്ള ടൈപ്പ്-1, ടൈപ്പ്-2 മാത്രമല്ല പ്രമേഹ രോഗം അഞ്ച് തരമുണ്ടെന്ന് വെളിപ്പെടുത്തലുമായി പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. നിലവിലുള്ള രണ്ട് തരമല്ലാതെ കൗമാരത്തില്‍ അഞ്ച് തരം പ്രമേഹ രോഗം നിങ്ങളെ പിടികൂടാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. പ്രമേഹ രോഗത്തിലെ പുതിയ കാറ്റഗറികള്‍ മനസ്സിലാക്കുന്ന ഡോക്ടര്‍മാര്‍ക്ക് മികച്ച ചികിത്സ നടത്തുന്നതിനും സഹായിക്കുമെന്നും ഇത് ചികിത്സാ രീതിയെ തന്നെ മാറ്റാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ജീവനു തന്നെ ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള രോഗമാണ് പ്രമേഹം. ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ വലിയ അപകടങ്ങള്‍ ഉണ്ടായേക്കാം. ഫലപ്രദമായി ചികിത്സാ രീതിയെ കണ്ടെത്തുന്നതിന് പുതിയ കാറ്റഗറികള്‍ തിരിച്ചറിയുന്നത് സഹായകമാവും. ഇത് ചികിത്സയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതുമാണ്.

സാധാരണഗതിയില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുള്ള രണ്ട് തരം പ്രമേഹ രോഗങ്ങളാണ് ഉള്ളത് ഇതില്‍ ടൈപ്പ്-1 അപകടകാരിയാണ്. ബാല്യത്തില്‍ തന്നെ ടൈപ്പ്-1 കണ്ടെത്തിയേക്കാം. ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുന്ന ഇന്‍സുലിന്‍ ഉത്പാദനം നിലയ്ക്കുന്നതാണ് ടൈപ്പ്-1. ഇത്തരം രോഗികകള്‍ക്ക് ഇന്‍സുലിന്‍ നേരിട്ട് കുത്തിവെക്കുകയാണ് ചെയ്യാറ്. രണ്ടാമത്തെ കാറ്റഗറിയായ ടൈപ്പ്-2 അത്ര അപകടകാരിയല്ല. പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്ന ഇന്‍സുലിന്‍ ചെറിയ തോതില്‍ ശരീരം ഉത്പാദിപ്പിക്കുമെങ്കിലും മൊത്തം ആവശ്യത്തിന് ഇവ തികയാതെ വരുന്ന അവസ്ഥയാണിത്. ടൈപ്പ്-1ലും ഗ്ലൂക്കോസിന്റെ അളവ് ശരീരത്തില്‍ കുത്തനെ കൂടാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. സാധാരണഗതിയില്‍ ടൈപ്പ്-1 രോഗികള്‍ക്ക് ഭക്ഷണത്തിലെ ക്രമീകരണവും മരുന്നുകളുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറ്.

18 മുതല്‍ 97 വയസ്സുവരെയുള്ള പുതിയതായി രോഗം കണ്ടെത്തിയിട്ടുള്ള ആളുകളിലാണ് പഠനം നടത്തിയിരിക്കുന്നത്. ഇന്‍സുലിന്‍ ഉത്പാദനത്തിലെ അളവിന്റെ വ്യത്യാസം കണക്കിലെടുത്ത് കാറ്റഗറി മാറുമെന്ന് പഠനം പറയുന്നു. നമ്മുടെ കാഴ്ച്ച ശക്തി നശിക്കാനും കിഡ്‌നി തകരാറിലേക്ക് നയിക്കാനും അതുപോലെ സ്‌ട്രോക്ക് വരാനുമുള്ള സാധ്യതകള്‍ പ്രമേഹ രോഗികളില്‍ കൂടുതലാണ്. ലോകത്ത് ഏകദേശം 420 മില്ല്യണ്‍ ആളുകള്‍ പ്രമേഹ രോഗത്താല്‍ ബുദ്ധിമുട്ടുന്നവരാണ്. ഇന്റര്‍ നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം 2045 ഓടെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. വരും കാലഘട്ടത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം 629 മില്ല്യണിലേക്ക് ഉയരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ടൈപ്പ്-2 അപകടമേറിയതാണ്. പ്രമേഹത്തിലെ പതിറ്റാണ്ടുകളായി മാറ്റപ്പെടാതെ കിടക്കുന്ന കാറ്റഗറിയാണ് പുതിയ പഠനത്തിന്റെ വെളിച്ചത്തില്‍ വ്യത്യാസം വന്നിരിക്കുന്നത്.