റ്റിജി തോമസ്
യുകെയിലേയ്ക്കുള്ള മലയാളികളുടെ രണ്ടാംഘട്ട കുടിയേറ്റം പ്രധാനമായിട്ടും ആരംഭിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻെറ ആരംഭത്തിലാണ്. ആ കാലഘട്ടങ്ങളിൽ കുടിയേറിയിരിക്കുന്ന നൂറുകണക്കിന് മലയാളികളുടെ കുട്ടികൾ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. യുകെ പോലുള്ള രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് ജോലി കിട്ടാൻ വലിയ ബുദ്ധിമുട്ടുകൾ സാധാരണഗതിയിൽ ഉണ്ടാകേണ്ടതില്ല. എന്നാൽ കോവിഡ് മൂലം തൊഴിൽ മേഖലയിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കുന്ന നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കിയിരിക്കുകയാണ്.
കോവിഡ് -19 മൂലം ഉടലെടുത്ത പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഒരു സമൂഹമാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും. ആഗോളതലത്തിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും ഒന്നാകെ പിടിച്ചുകുലുക്കിയ സമാനമായ ഒരു സ്ഥിതിവിശേഷം ലോക ചരിത്രത്തിൽ തന്നെ ആദ്യമാണ്. കാരണം വ്യവസായ മേഖലയും, കാർഷികമേഖലയും, നിർമ്മാണ മേഖലയും മറ്റും ലോക്ക് ഡൗണിനു മുമ്പുള്ള തൽസ്ഥിതി പുനസ്ഥാപിക്കപ്പെട്ടാലും വിദ്യാഭ്യാസമേഖല പരമ്പരാഗതമായ അധ്യായനത്തിലേയ്ക്ക് എന്ന് തിരിച്ചെത്തും എന്ന് ആർക്കും പ്രവചിക്കാൻ പറ്റാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ പകുതിയിലധികം ജോലിക്കാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ലോകാരോഗ്യസംഘടന പുറത്തുവിട്ടിരുന്നു. തൊഴിൽ മേഖലയിലെ ഈ പ്രതിസന്ധി പ്രത്യക്ഷമായോ പരോക്ഷമായോ ഏറ്റവും കൂടുതൽ ബാധിക്കുക അവസാന വർഷ വിദ്യാർത്ഥികളെ ആയിരിക്കും. ഇപ്പോൾ തന്നെ ക്യാമ്പസ് പ്ലേസ്മെന്റ് വഴി ലഭ്യമായ ജോലി നീട്ടി വയ്ക്കപ്പെട്ട അധ്യയനത്തിലൂടെയും പരീക്ഷകളിലൂടെയും നഷ്ടമാകാനാണ് സാധ്യത. ഇതിന് പുറമേയാണ് പല മൾട്ടിനാഷണൽ കമ്പനികളും ജോലിക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനെടുത്ത തീരുമാനം കൂടി പുറത്തു വന്നിരിക്കുന്നത്. വൻ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുടെ ദുരിതങ്ങളും ഏറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടിവന്നത് ഇപ്പോൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉള്ള വിദ്യാർത്ഥികളെയായിരിക്കും. മാതാപിതാക്കളുടെ തൊഴിൽ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും മൂലം തുടർ വിദ്യാഭ്യാസത്തിന് എങ്ങനെ പണം കണ്ടെത്തുമെന്നുള്ള ആശങ്കയിലാണ് വിദ്യാർത്ഥികളിൽ പലരും.
ഓൺലൈൻ ക്ലാസുകൾ സ്കൂൾ തലത്തിലും കോളേജ് തലത്തിലും ആരംഭിക്കപ്പെട്ടു കഴിഞ്ഞു. തങ്ങളുടെ കുട്ടികൾക്ക് ഓൺലൈൻ സംവിധാനമൊരുക്കാൻ നെട്ടോട്ടമോടുകയാണ് മാതാപിതാക്കൾ. അധ്യാപക ദമ്പതികളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തങ്ങൾക്കും കുട്ടികൾക്കും വെവ്വേറെ ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കുന്ന തത്രപാടിലാണ് പല അധ്യാപകരും . ഈ സാഹചര്യം മുതലാക്കി ലാപ്ടോപ്, ടാബ് ലെറ്റ് തുടങ്ങിയവയ്ക്ക് വിലക്കയറ്റവും രൂക്ഷമായിട്ടുണ്ട്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഈ വിഷയങ്ങൾ പരിഹരിക്കാനുള്ള സത്വര നടപടികളാണ് അധ്യാപകരും വിദ്യാർത്ഥിസമൂഹവും ഉറ്റുനോക്കുന്നത്.
Leave a Reply