തിരുവനന്തപുരം: ജോസ് പക്ഷത്തെ യു.ഡി.എഫില്‍ നിന്നും അതിവേഗത്തില്‍ പുറത്താക്കിയതിന് പിന്നില്‍ കോണ്‍ഗ്രസിലെ അധികാരതര്‍ക്കം. അപ്രതീക്ഷിതമായി പാര്‍ട്ടിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം ആരംഭിച്ചതാണ് പൊടുന്നനെയുള്ള ഈ തീരുമാനത്തിന് വഴിവച്ചത്. ജോസ് പക്ഷവുമായുള്ള പ്രശ്‌നം രമ്യതയില്‍ പരിഹരിക്കാനുള്ള ശ്രമം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്നതിനിടയിലാണ് ഈ തീരുമാനം ഉണ്ടായത്. ഇതോടെ യു.ഡി.എഫില്‍ രമേശ് ചെന്നിത്തലയുടെ സ്ഥാനം ഏറെക്കുറെ സുരക്ഷിതമായെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തല്‍.

തുടക്കം മുതല്‍ തന്നെ ജോസ് പക്ഷത്തോട് രമേശ് ചെന്നിത്തലയ്ക്ക് അത്ര പ്രിയമില്ല. ജോസ് കെ. മാണിക്ക് തിരിച്ചും അതേ നിലപാടാണ്. കെ.എം. മാണിയെ ബാര്‍കോഴ കേസില്‍ കുടുക്കിയത് രമേശ് ചെന്നിത്തലയാണെന്ന നിലപാടാണ് ജോസ് കെ. മാണിക്കുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് തൊട്ടുപിന്നാലെ യു.ഡി.എഫ് വിടാന്‍ കെ.എം. മാണി തീരുമാനിച്ചതും അതിന്റെ അടിസ്ഥാനത്തില്‍ ജോസ് കെ. മാണി നടത്തിയ ശക്തമായ സമ്മര്‍ദ്ദം കൊണ്ടുതന്നെയായിരുന്നു. മാത്രമല്ല, യു.പി.എയുടെ ഘടകകക്ഷിയായിരുന്നിട്ടും ജോസ് കെ. മാണിക്ക് കേന്ദ്രത്തില്‍ വേണ്ട സ്ഥാനങ്ങള്‍ നല്‍കിയില്ലെന്നതും അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സംസ്ഥാനത്തെ യു.ഡി.എഫിന്റെ ഘടനയില്‍ തന്നെ വലിയ മാറ്റം വന്നിട്ടുണ്ടായിരുന്നു. പ്രത്യേകിച്ചും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ പത്തുവര്‍ഷമായി മുന്നോട്ടുനീങ്ങിയിരുന്ന യു.ഡി.എഫിന്റെ നേതൃനിരയില്‍ തന്നെ അഴിച്ചുപണിയുണ്ടായി. രമേശ് ചെന്നിത്തല യു.ഡി.എഫിന്റെ ചെയര്‍മാന്‍ ആയതോടെ, കുഞ്ഞാലിക്കുട്ടിയും കേരളം വിട്ട് ഡല്‍ഹിക്ക് പോയിരുന്നു. ഇതും അന്ന് മുന്നണി വിടാന്‍ മാണിയെ പ്രേരിപ്പിച്ച ഘടകമായിരുന്നു. അതിന് ശേഷം രമേശ് ചെന്നിത്തലയുടെയും ഡോ: എം.കെ. മുനീറിന്റെയും നേതൃത്വത്തിലാണ് യു.ഡി.എഫ് മുന്നോട്ടുപോയിരുന്നത്.

എന്നാല്‍ കോവിഡ് ശക്തമായതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിസ്ഥാനത്തിനുണ്ടാകുമെന്ന ശക്തമായ സൂചന നല്‍കികൊണ്ട് ഉമ്മന്‍ചാണ്ടി രംഗത്ത് എത്തിയിരുന്നു. ഇടയ്ക്ക് സംസ്ഥാനത്ത് നിന്നും പൂര്‍ണ്ണമായും ഒഴിഞ്ഞുനിന്ന അദ്ദേഹം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇതാണ് കേരള കോണ്‍ഗ്രസ് തര്‍ക്കത്തിലും പ്രതിഫലിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോസ് പക്ഷത്തെ വിട്ടുകളയാന്‍ പാടില്ലെന്ന നിലപാട് ഉമ്മന്‍ചാണ്ടി തുടക്കം മുതല്‍ തന്നെ സ്വീകരിച്ചിരുന്നു. എഗ്രൂപ്പും കോട്ടയത്തെ കോണ്‍ഗ്രസ് നേതൃത്വവും ജോസ് പക്ഷം പോകട്ടെ എന്ന് ആഗ്രഹിച്ചപ്പോഴും അതിന് വഴങ്ങികൊടുക്കാന്‍ ഉമ്മന്‍ചാണ്ടി തയാറായിരുന്നില്ല. അതിന്റെ പ്രധാനകാരണം ഒരുപക്ഷേ അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മുന്നണിയില്‍ തനിക്ക് പ്രാമുഖ്യം കിട്ടണം എന്ന ലക്ഷ്യം തന്നെയായിരുന്നു. അതേസമയം ജോസഫ് വിഭാഗവുമായി ഉമ്മന്‍ചാണ്ടിക്ക് അത്ര നല്ല ബന്ധവുമില്ല. ജോസഫ് രമേശ് ചെന്നിത്തലയെ തന്നെയായിരിക്കും പിന്തുണയ്ക്കുകയെന്നത് ഏറെക്കുറെ ഉറപ്പാണ്.

ഈ തര്‍ക്കം രൂക്ഷമായതോടെ പ്രശ്‌നപരിഹാരത്തിന് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ലീഗ് എന്ന പാര്‍ട്ടിക്കുപരിയായി ജോസ് പക്ഷത്തെ മുന്നണിയില്‍ നിര്‍ത്താന്‍ കുഞ്ഞാലിക്കുട്ടിയാണ് ഏറെ പരിശ്രമിച്ചത്. ഇതും ഐ ഗ്രൂപ്പിനും രമേശ് ചെന്നിത്തലയ്ക്കും അപായസിഗ്നലാണ് നല്‍കിയത്. പഴയ ഉമ്മന്‍ചാണ്ടി-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട് ശക്തമായാല്‍ അത് തനിക്ക് തിരിച്ചടിയാകുമെന്ന് അദ്ദേഹം കരുതി. ഡോ: എം.കെ. മുനീറും ഇതിനെ പിന്തുണച്ചു. അദ്ദേഹത്തിന്റെ സ്ഥാനത്തിനും ഭീഷണിയായി ഇത് വളരുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ആ സാഹചര്യത്തിലാണ് ഇനി വെറും രണ്ടുമാസം മാത്രം കാലാവധിയുള്ള ഒരു പ്രാദേശിക വിഷയത്തിന്റെ പേരില്‍ ജോസ് പക്ഷത്തെ പുറത്താക്കിയത്.

ഇതിന് സമാനമായതോ ഇതിനേക്കാള്‍ വലുതായതോ ആയ നിരവധി പ്രശ്‌നങ്ങള്‍ ഈ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് നേരത്തെ മുന്നണിയിലുണ്ടായിട്ടും ചെറുവിരല്‍ അനക്കാതിരുന്ന യു.ഡി.എഫ് നേതൃത്വമാണ് തിടുക്കപ്പെട്ട് തീരുമാനത്തില്‍ എത്തിയത്. നേരത്തെ പാലാ ഉപതെരഞ്ഞെടുപ്പിലെ ചിഹ്‌നപ്രശ്‌നത്തിലൂം മറ്റു പല പഞ്ചായത്തുകളില്‍ കരാറുകള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മുന്നണി നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ ലംഘിക്കപ്പെട്ടിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഈ സന്നിഗ്ധഘട്ടത്തിലെ നടപടി പാര്‍ട്ടിയില്‍ നേതൃനിരയിലേക്ക് മറ്റൊരാള്‍ ഉയര്‍ന്നുവരുന്നത് തടയാനാണെന്ന വികാരം കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്തുകഴിഞ്ഞിട്ടുണ്ട്