ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

മൈതാന മധ്യത്തുനിന്ന് പന്തെടുത്തു വെട്ടിതിരിഞ്ഞു. ഇംഗ്ലീഷ് താരങ്ങൾക്കിടയിലൂടെ കുതിച്ചു. ഇരുവശത്തു നിന്നും കുതിച്ചെത്തിയ ഇംഗ്ലീഷ് ഡിഫെൻഡർമാരെ വെട്ടിയൊഴിഞ്ഞ് ബോക്സിനുള്ളിലേക്ക്. മുന്നോട്ട് കയറി വന്ന ഗോളിയെ കാഴ്ചകാരനാക്കി വലയ്ക്കുള്ളിലേക്ക് ആ തുകൽപന്തിനെ യാത്രയാക്കി. ഇത്രയും മതിയായിരുന്നു ചെകുത്താന് ദൈവമായി പരിണമിക്കാൻ. വേണ്ടിവന്നത് നാലേ നാലു മിനിറ്റ്. വിവാദമായ കൈ പ്രയോഗത്തിന് ശേഷം അത്യുജ്വലമായ ഒരു ഗോൾ. 60 മീറ്ററിന്റെ ആ കുതിപ്പ് ലോകഫുട്ബോളിന്റെ ഓർമതാളുകളിൽ ഒന്നാമത്തെ അദ്ധ്യായമാണ്. ഇന്ന് മാത്രമല്ല ; വരും കാലങ്ങളിലും അത് അവിടെതന്നെ ഉണ്ടാവും. മങ്ങാതെ, സുവർണ്ണ തേജസോടെ… ഒറ്റപേര് – ഡീഗോ അർമാൻഡോ മറഡോണ

1977 മുതൽ ഒന്നര പതിറ്റാണ്ടിലേറെ കാലം ലോക ഫുട്ബോളിലെ കിരീടം വെയ്ക്കാത്ത രാജാവ്. പുൽമൈതാനത്ത് കാലുകൊണ്ട് മാത്രമല്ല ‘കൈ’കൊണ്ടും ചരിത്രം രചിച്ച ഇതിഹാസം. അസാമാന്യ വേഗവും ഡ്രിബിളിങ് പാടവവും പന്തിനെ യഥേഷ്ടം ചൊൽപ്പടിക്ക് നിർത്താനുള്ള അസാമാന്യ കഴിവും കൊണ്ട് മൈതാനത്ത് ഒരു ദൈവത്തിനു മാത്രം സാധ്യമാകുന്ന പ്രകടനങ്ങളിലൂടെ ലോകമെമ്പാടുമുള്ള ആരാധക മനസുകളിൽ ഇന്നും സ്ഥാനംപിടിച്ചിരിക്കുന്നയാൾ. 1960 ഒക്ടോബറിൽ അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ വില്ല ഫിയോറിത്തോ പ്രവിശ്യയിലെ ലാനസിൽ ജനനം. ഡോൺ ഡീഗോ ഡാൽമ സാൽവദോറ ഫ്രാങ്കോ ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമനായിരുന്നു ഡീഗോ അർമാൻഡോ മാറഡോണ. റോമൻ കാത്തലിക് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. കൊടിയ ദാരിദ്ര്യം നിറഞ്ഞ ബാല്യം. മൂന്നാം പിറന്നാൾ തൊട്ടാണ് മറഡോണയ്ക്ക് പന്തുമായുള്ള ബന്ധം ആരംഭിക്കുന്നത്. ജന്മദിന സമ്മാനമായി കിട്ടിയ പന്ത് മറ്റാരും എടുക്കാതിരിക്കാൻ കുഞ്ഞ് മാറഡോണ അത് ഉടുപ്പിന്റെ ഉള്ളിലാക്കിയാണ് കിടന്നുറങ്ങാറ്. ഒമ്പതാം വയസിൽ തന്നെ ആ പ്രദേശത്തെ നല്ല ഫുട്ബോൾ കളിക്കാരനെന്ന് മാറഡോണ പേരെടുത്തു. ആ പ്രദേശത്തെ ഫുട്ബോൾ ടീമായിരുന്ന ‘ലിറ്റിൽ ഒനിയനി’ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ഞൻ മറഡോണ ടീമിലെത്തിയ ശേഷം തുടർച്ചയായ 140 മത്സരങ്ങളാണ് ലിറ്റിൽ ഒനിയനിയൻ ജയിച്ചുകയറിയത്.

12-ാം വയസിൽ ലിറ്റിൽ ഒനിയനിയൻസിൽ നിന്ന് മറഡോണയെ ലോസ് സെബോല്ലിറ്റാസ് ക്ലബ്ബ് റാഞ്ചി. അവിടെ നിന്ന് അർജന്റിനോസ് ജൂനിയേഴ്സ് ടീമിലേക്ക്. അങ്ങനെ 1976-ൽ 16 വയസ് തികയാൻ 10 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മറഡോണ പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചു. 2003 വരെ അർജന്റീനയിൽ പ്രൊഫഷണൽ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി മറഡോണയുടെ പേരിലായിരുന്നു. ഒന്നാം ഡിവിഷനിൽ 19-ാം സ്ഥാനത്തായിരുന്ന ക്ലബ്ബ് മറഡോണയുടെ വരവോടെ 1980-ൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി.

1977-ൽ തന്റെ 16-ാം വയസിൽ ദേശീയ ടീമിന്റെ നീലക്കുപ്പായം മറഡോണയെ തേടിയെത്തി. 1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം. പക്ഷേ പ്രായം കുറഞ്ഞ താരമെന്ന കാരണത്താൽ 1978-ലെ അർജന്റീനയുടെ ലോകകപ്പ് ടീമിൽ അദ്ദേഹത്തിന് ഇടംകിട്ടിയില്ല. 1979 ജൂൺ രണ്ടിന് സ്കോട്ട്ലൻഡിനെതിരേ നടന്ന മത്സരത്തിൽ രാജ്യത്തിനായുള്ള ആദ്യ ഗോൾ മറഡോണ കുറിച്ചു. അതേ വർഷം തന്നെ യൂത്ത് ചാമ്പ്യൻഷിപ്പിനുള്ള അർജന്റീന ടീമിനെ നയിച്ച അദ്ദേഹം കപ്പുമായാണ് തിരികെയെത്തിയത്. യൂത്ത് ലോകകപ്പിലും സീനിയർ ലോകകപ്പിലും ഗോൾഡൻ ബോൾ നേടിയിട്ടുള്ള ഏക താരവും അദ്ദേഹമാണ്. 1981-ൽ 1.96 ദശലക്ഷം ഡോളറിന് അദ്ദേഹത്തെ ബൊക്ക ജൂനിയേഴ്സ് സ്വന്തമാക്കി.

 

1982-ൽ അർജന്റീന ദേശീയ ടീമിനൊപ്പം ആദ്യ ലോകകപ്പ്. രണ്ടാം മത്സരത്തിൽ തന്നെ ചുവപ്പ് കാർഡ് കണ്ട് മറഡോണ പുറത്തുപോവുകയും ചെയ്തു. ലോകകപ്പിനു പിന്നാലെ മറഡോണയെ അന്നത്തെ റെക്കോഡ് തുകയായ 9.81 ദശലക്ഷം ഡോളർ മുടക്കി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ സ്വന്തമാക്കി. 1983-ൽ ബാഴ്സയ്ക്കൊപ്പം കോപ്പ ഡെൽ റേ കപ്പും സ്പാനിഷ് സൂപ്പർ കപ്പും സ്വന്തമാക്കി. സഹതാരങ്ങളുമായും ക്ലബ്ബ് അധികൃതരുമായും പ്രശ്നങ്ങൾ ഉടലെടുത്തതോടെ 1984-ൽ ബാഴ്സ വിട്ട് ഇറ്റാലിയൻ ക്ലബ്ബ് നാപ്പോളിയിൽ എത്തി. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ ക്ലോഡിയ വില്ലഫെയ്നെ 1984 നവംബർ 7ന് താരം വിവാഹം ചെയ്തു. 15 വർഷക്കാലത്തെ ദാമ്പത്യത്തിനു ശേഷം 2004-ൽ ഇരുവരും വേർപിരിഞ്ഞു. വേർപിരിയൽ നടപടികൾക്കിടെയാണ് തനിക്ക് മറ്റൊരു ബന്ധത്തിൽ ഒരു മകനുണ്ടെന്ന് മറഡോണ വെളിപ്പെടുത്തുന്നത്.

1984 മുതൽ 1991 വരെ നാപ്പോളിക്കായി കളിച്ച മാറഡോണ ക്ലബ്ബിനായി 188 മത്സരങ്ങളിൽ നിന്ന് 81 ഗോൾ നേടി. മാറഡോണയുടെ ഫുട്ബോൾ ജീവിതത്തിന്റെ സുവർണ കാലവും ക്ലബ്ബിന്റെ ചരിത്രത്തിലെ സുവർണ കാലവും ഇതായിരുന്നു. മയക്കുമരുന്നിന്റെ ഉപയോഗവും അവിഹിത ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങളും മറഡോണയെ പത്രങ്ങളിലെ സ്ഥിരം തലക്കെട്ടാക്കി. ഇതിനിടെ 1986-ൽ തന്റെ രണ്ടാം ലോകകപ്പിൽ അർജന്റീനയെ ഒറ്റയ്ക്കു തന്നെ അദ്ദേഹം കിരീടത്തിലേക്ക് നയിച്ചു. 1986-ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ നയിച്ചത് അദ്ദേഹമായിരുന്നു. ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേ നടന്ന ക്വാർട്ടർ ഫൈനലിൽ നേടിയ രണ്ടു ഗോളുകളും (ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോൾ) ചരിത്രത്തിൽ ഇടംനേടി. ഫൈനലിൽ പശ്ചിമ ജർമനിയെ തോൽപ്പിച്ച് കീരിടവുമായാണ് മാറഡോണയുടെ ടീം മടങ്ങിയെത്തിയത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കിയതും മറഡോണ തന്നെ. 1990 ഇറ്റലി ലോകകപ്പിലും മാറഡോണ തന്നെയായിരുന്നു ടീമിന്റെ ക്യാപ്റ്റൻ. പക്ഷെ ഫൈനലിൽ തോറ്റു പുറത്തായി. രാജ്യത്തിനായി നാലു ലോകകപ്പുകൾ കളിച്ച മാറഡോണ 21 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകൾ സ്വന്തം പേരിൽ കുറിച്ചു. അർജന്റീനയ്ക്കായി 91 മത്സരങ്ങളിൽ നിന്ന് 34 തവണ അദ്ദേഹം സ്കോർ ചെയ്തു.

മയക്കുമരുന്നിന്റെ നിത്യോപയോഗത്തോടെ അദ്ദേഹത്തിന്റെ കളിജീവിതവും കുടുംബജീവിതവും താറുമാറായി. 2000-ൽ കൊക്കെയ്ൻ ഉപയോഗത്തെ തുടർന്ന് ഹൃദയത്തിനുണ്ടായ പ്രശ്നങ്ങൾ കാരണം അദ്ദേഹം തളർന്നു വീണു. പിന്നീട് ലഹരിയിൽ നിന്ന് രക്ഷ നേടാൻ നാല് വർഷം ക്യൂബയിൽ. 2004-ൽ ഫുട്ബോൾ മത്സരം കാണുന്നതിനിടെ കുഴഞ്ഞു വീണ അദ്ദേഹം ബ്യൂണസ് ഐറിസിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായി. 2008-ൽ അദ്ദേഹത്തെ അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായി നിയമിച്ചു. 2010 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ജർമനിയോട് തോറ്റ് അർജന്റീന ടീം പുറത്തായതോടെ മാറഡോണയുമായുള്ള കരാർ അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പുതുക്കിയില്ല. പിന്നീട് അൽ വാസൽ, ഡിപോർട്ടിവോ റിയെസ്ട്ര, ഫുജെയ്റ, ഡൊറാഡോസ് ഡെ സിനാലോ, ജിംനാസിയ ഡെ ലാ പ്ലാറ്റ ടീമുകളുടെ പരിശീലകനായി പ്രവർത്തിച്ചു.

ദരിദ്ര ബാലനിൽ നിന്ന് ലോകഫുട്ബോളിലെ രാജാവായി മാറിയ മറഡോണയുടെ ജീവിതം ഓരോ കായികപ്രേമിയെയും ത്രസിപ്പിക്കുന്നതാണ്. കളിക്കളത്തിലെ പുൽനാമ്പുകളെ തന്റെ കളി മികവിനാൽ അദ്ദേഹം പുളകം കൊള്ളിച്ചിട്ടുണ്ടാവും. മറഡോണയെ കൂടാതെ എങ്ങിനെയാണ് അർജന്റീന എന്ന ടീമിനെ വായിക്കുന്നത്. കളിക്കളത്തിൽ അയാൾ മാന്ത്രികനായിരുന്നു. ഡീഗോ മാറഡോണ കളിക്കളത്തിൽ തീർത്തത് പ്രതിഭയുടെ ഒടുങ്ങാത്ത ഉൻമാദമായിരുന്നു. പന്ത് കിട്ടുമ്പോഴെല്ലാം വെട്ടിപ്പിടിക്കാനും ആനന്ദിപ്പിക്കാനും ഒരുപോലെ കഴിഞ്ഞു. പന്തുമായി എതിരാളിയെ മറികടക്കുന്നതിന് തെറ്റിപോകാത്ത താളമുണ്ടായിരുന്നു, പിഴക്കാത്ത കണക്കുണ്ടായിരുന്നു. പന്തിൽ നിറച്ച കാറ്റായിരുന്നു ജീവവായു. ഇന്നലെ രാത്രി ലോകത്തിന് നഷ്ടമായത് ഒരു കളിക്കാരനെ മാത്രമല്ല. ഒരുപാട് തലമുറകളെ തന്നോട് ചേർത്ത് നിർത്തി, കളി പഠിപ്പിച്ച, ത്രസിപ്പിച്ച ഒരു രാജാവ്. അദ്ദേഹം കാലത്തിന്റെ കളമൊഴിഞ്ഞപ്പോൾ നാം കണ്ണീർ വാർത്തു. ജീവിതത്തോട് യുദ്ധം പ്രഖ്യാപിച്ചവൻ ഇനി ഓർമകളിൽ ആണ്…. മറഡോണാ, നിങ്ങൾ മരിക്കുന്നില്ല.. ഫുട്ബോൾ ഉള്ള കാലത്തോളം നിറംമങ്ങാത്ത നക്ഷത്രമായി മൈതാനമധ്യത്തിൽ ഉണ്ടാവും….. വിട.