തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ 19കാരന്‍ ഓര്‍മ്മ ശക്തിയില്‍ ലോകറെക്കോര്‍ഡുമായി ശ്രദ്ധേയനാകുന്നു. ദേശീയ അവാര്‍ഡും ഡോക്ടറേറ്റുമുള്‍പ്പെടെയുള്ള നേട്ടങ്ങളാണ് തിരുവനന്തപുരം കരമന സ്വദേശിയായ പ്രശാന്ത് ചന്ദ്രനെ തേടിയെത്തിയത്. കരമന പ്രശാന്തത്തില്‍ ചന്ദ്രന്‍-സുഹിത ദമ്പതികളുടെ മകനാണ് പ്രശാന്ത്. കാഴ്ചിലും കേള്‍വിയിലും സംസാരത്തിലുമുള്ള വൈകല്യങ്ങളും കാര്‍ഡിയോളജി, ന്യൂറോളജി അസുഖങ്ങളുമാണ് പ്രശാന്തിന്റെ കഴിവിനു മുന്നില്‍ മുട്ടുമടക്കുന്നത്.
രണ്ടു വര്‍ഷം മുമ്പാണ് പ്രശാന്തിന്റെ അസാധാരണ ഓര്‍മശക്തി ശ്രദ്ധയില്‍പ്പെടുന്നത്. എഡി 1 മുതല്‍ പത്ത് കോടി വര്‍ഷത്തെ കലന്‍ഡറുകള്‍ പ്രശാന്തിന് മനപ്പാഠമാണ്. തിയതി, മാസം, വര്‍ഷം ഇവ പറഞ്ഞാല്‍ ആ ദിവസം ഏതാണെന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ പ്രശാന്ത് പറയും. അവധി ദിവസങ്ങള്‍ ആ ദിവസത്തെ അന്തരീക്ഷ താപനില എന്നീ വിവരങ്ങളും പ്രശാന്തിന് അറിയാം. വലത് കൈ ഉപയോഗിച്ച് കീ ബോര്‍ഡില്‍ പാട്ടുകള്‍ പാടാനും പ്രശാന്ത് റെഡി.
ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് തുടങ്ങിയവയില്‍ ഇടം പിടിച്ചതുകൂടാതെ 150ഓളം പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2016ലെ ഭിന്നശേഷി ദിനത്തില്‍ രാഷ്ട്രപതിയില്‍ നിന്ന് ക്രിയേറ്റീവ് അഡല്‍റ്റ് പേഴ്‌സണ്‍ വിത്ത് ഡിസ്എബിലിറ്റീസ് അവാര്‍ഡും ലഭിച്ചിട്ടുള്ള പ്രശാന്ത് ഗിന്നസ് റെക്കോര്‍ഡിനായുള്ള പ്രകടനത്തിന് തയ്യാറെടുക്കുകയാണ്.