ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ ഉയർന്നുവരുന്ന പണപ്പെരുപ്പം തടയുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യാഴാഴ്ച നിരക്കുകൾ അര ശതമാനം ഉയർത്തിയിരിക്കുകയാണ്. ബ്രിട്ടൻ നിലവിൽ തന്നെ സാമ്പത്തിക മാന്ദ്യത്തിലെത്തിയെന്ന മുന്നറിയിപ്പാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നൽകി കഴിഞ്ഞിരിക്കുന്നത്. എന്നാൽ സാഹചര്യങ്ങൾ അതിരൂക്ഷമെങ്കിലും, പണപ്പെരുപ്പം തടയുന്നതിനായി യുഎസ് ഫെഡറൽ റിസർവ് ബാങ്ക് എടുത്ത പോലെയുള്ള അതിതീവ്ര നടപടികൾ ഒന്നും തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പലിശ നിരക്കുകൾ 1.75 ശതമാനത്തിൽ നിന്നും 2.25% ത്തിലേക്ക് ഉയർത്താൻ മാത്രമാണ് ഇപ്പോൾ ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. അവശ്യ ഭക്ഷണസാധനങ്ങളുടെ വിലവർധനയും , എനർജി ബില്ലുകളുടെ വർദ്ധനയും എല്ലാം ബ്രിട്ടനിൽ ജനങ്ങളെ ആകെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. എന്നാൽ ഉയർന്നുവരുന്ന പണപ്പെരുപ്പം തടയുന്നതിനായാണ് ബാങ്ക് പലിശ നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്.


രാജ്ഞിയുടെ മരണത്തോട് അനുബന്ധിച്ച് ഉണ്ടായ പൊതു അവധികളും ബ്രിട്ടന്റെ സാമ്പത്തിക രംഗത്തെ ബാധിക്കും എന്നാണ് ബാങ്ക് വിലയിരുത്തുന്നത്. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ചേർന്നാണ് പലിശ നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്. ഇതോടൊപ്പം തന്നെ ബാങ്കിന്റെ നിലവിലുള്ള 838 ബില്യൺ പൗണ്ട് ഗവൺമെന്റ് ബോണ്ടുകൾ കുറയ്ക്കാനും കമ്മറ്റി ഐക്യകണ്ഠേന തീരുമാനമെടുത്തിട്ടുണ്ട്. ഒക്ടോബറിന് ശേഷവും കുറച്ചു മാസങ്ങൾ പണപ്പെരുപ്പം 10 ശതമാനത്തിന് മുകളിൽ തുടരുമെന്നാണ് നിലവിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നത്.