നടിയെ ആക്രമിച്ച ശേഷം കേസിലെ ഒന്നാം പ്രതി, പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ അറസ്റ്റിലായ പ്രതി ദിലീപ് അമേരിക്കയിലേയ്ക്കു കടത്തിയതായി പൊലീസ്. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിൽ എത്തിച്ച മെമ്മറി കാർഡ് ഇവിടെ നിന്നു ദിലീപ് ഏറ്റുവാങ്ങുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്ന വിവരം.
ഇവിടെ നിന്നു അമേരിക്കയിലേയ്ക്കു കടത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊച്ചിയിൽ യുവ നടി കാറിനുള്ളിൽ ക്വട്ടേഷൻ സംഘത്തിന്റെ ലൈംഗിക ആക്രമണത്തിനു വിധേയയായത്.
ദിലീപിന്റെ മാനേജർ അപ്പുണ്ണിക്കു നാലു മൊബൈൽ ഫോണുകളും അഞ്ചു സിം കാർഡുകളും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ ഒരു ഫോൺ സ്ഥിരമായി ദിലീപാണ് ഉപയോഗിച്ചിരുന്നത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച തെളിവിലേക്ക് അപ്പുണ്ണിയുടെ പേരിലുള്ള ഈ മൊബൈൽ ഫോൺ നിർണായകമാണ്. ഈ സാഹചര്യത്തിലാണു ദിലീപ് അറസ്റ്റിലായ ഉടൻ അപ്പുണ്ണി ഒളിവിൽപോയതെന്നു സംശയിക്കുന്നു. ഇയാൾ വിദേശത്തേക്കു കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ പൊലീസ് ജാഗ്രതാ നോട്ടിസ് നൽകിയിട്ടുണ്ട്. വൈകാതെ തിരച്ചിൽ നോട്ടിസും പുറപ്പെടുവിക്കും. കേസിൽ പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയും അറസ്റ്റ് ഭയന്ന് ഒളിവിലാണ്.
ദിലീപുമായി അടുത്ത വൃത്തങ്ങളെ ചോദ്യം ചെയ്തതോടെയാണ് ദിലീപിന്റെ പക്കലുണ്ടായിരുന്ന മെമ്മറി കാർഡ് അമേരിക്കയിലേയ്ക്കു കടത്തിയതായി വ്യക്തമായത്. ദിലീപിന്റെ പക്കൽ ലഭിച്ച മെമ്മറി കാർഡ് പിന്നീട് ഫോണിലൊന്നും ഇട്ടില്ല. പകരം, പത്രപേപ്പറിൽ പൊതിഞ്ഞ് ദിലീപിന്റെ പഴ്‌സിനുള്ളിലാണ് സൂക്ഷിച്ചതെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതോടെ അമേരിക്കയിൽ ദിലീപ് യാത്ര ചെയ്ത സ്ഥലങ്ങളിലും, ബന്ധപ്പെട്ട വ്യക്തികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്താനാണ് ഒരുങ്ങുന്നത്. കേസിലെ ഗൂഡാലോചന തെളിയിക്കുന്നതിൽ നിർണ്ണായകമാകുന്നത് ആ മെമ്മറി കാർഡാണ്. അതുകൊണ്ടു തന്നെ ദിലീപിനെതിരെയുള്ള തെളിവ് ശക്തമാക്കുന്നതിനു മെമ്മറികാർഡ് പൊലീസിനു കണ്ടെത്തിയേ സാധിക്കൂ.
നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പ്രതീഷ് ചാക്കോ വഴി ദിലീപിനു കൈമാറിയെന്നാണു സുനിയുടെ മൊഴി. ഈ മൊബൈൽ ഫോൺ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. എന്നാൽ ദൃശ്യങ്ങൾ പലതവണ പകർത്തപ്പെട്ടതായി തെളിവുണ്ട്. ഇതിൽ ഒരു കോപ്പി പൊലീസിനു ലഭിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ ദിലീപ് രണ്ടാഴ്ച മുൻപ് അടുത്ത സുഹൃത്തു വഴി വിദേശത്തേക്കു കടത്തിയതായി സൂചനയുണ്ട്. ദൃശ്യങ്ങൾ വിദേശത്തുനിന്നു യൂട്യൂബിൽ അപ്‌ലോഡു ചെയ്യുന്നതു തടയാൻ സൈബർ സെൽ ജാഗ്രത പുലർത്തുന്നുണ്ട്.
Leave a Reply