കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു. ഹര്‍ജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് ജാമ്യഹര്‍ജി മാറ്റിവെച്ചത്. രണ്ടാമത്തെ തവണയാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയുമായി ദിലീപ് എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച പരിഗണിക്കാനിരുന്ന ഹര്‍ജി ഇന്നത്തേക്ക് മാറ്റിയിരുന്നു. പ്രോസിക്യൂഷന് വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
പൊലീസിനെതിരെയും ഡിജിപി ലോക്നാഥ് ബെഹ്റക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ദിലീപ് ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. പള്‍സര്‍ സുനി വിളിച്ച കാര്യം ബെഹ്റയെ അറിയിച്ചിരുന്നുവെന്നാണ് ദിലീപ് പറയുന്നത്. ജയിലില്‍ നിന്ന് സുനി വിളിച്ചത് മറച്ചുവെച്ചു എന്ന പോലീസ് വാദത്തെ ഖണ്ഡിക്കാനാണ് ഈ പരാമര്‍ശം. സുനി വിളിച്ച അന്നുതന്നെ ഇക്കാര്യം അറിയിച്ചിരുന്നു. ഏപ്രില്‍ 10നാണ് ബെഹ്റയെ വിളിച്ചത്. ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡിംഗ് അടക്കമുള്ള വിവരങ്ങള്‍ വാട്ട്സാപ്പ് ചെയ്യുകയും എല്ലാ വിവരങ്ങളും അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് ദിലീപ് അവകാശപ്പെടുന്നത്.
എന്നാല്‍ ഡിജിപിക്ക് അയച്ച് വാട്ട്സാപ്പ് സന്ദേശം പരാതിയായി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് പോലീസ് നിലപാട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പോലീസ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.നടിയും മുന്‍ ഭാര്യയുമായിരുന്ന മഞ്ജു വാര്യര്‍ക്കും എഡിജിപി ബി. സന്ധ്യയ്ക്കുമെതിരെയും ദിലീപ് ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
Leave a Reply