നടിയെ അക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് തൊണ്ടുമുതലും അതിലെ ദൃശ്യങ്ങള്‍ രേഖകളുമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ദൃശ്യങ്ങളുടെ പകര്‍പ്പ് പ്രതി ദിലീപിന് നല്‍കാന്‍ പാടില്ലെന്നും സര്‍ക്കാര്‍. രേഖകളുടെ പകര്‍പ്പ് ലഭിക്കാതെ പ്രതിക്ക് എങ്ങനെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന് കോടതിയുടെ ചോദ്യം. കേസിലെ രേഖകളുടെ പകര്‍പ്പ് ലഭിക്കേണ്ടത് നിയമപരമായ അവകാശമാണെന്ന് ദിലീപും സ്വകാര്യതയ്ക്കുള്ള മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്ന് ഇരയായ നടിയും വാദിച്ചു. കേസ് വിധി പറയാനായി മാറ്റി.
നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറികാര്‍ഡ് തൊണ്ടിയോ രേഖയോ എന്ന സങ്കീര്‍ണമായ നിയമപ്രശ്നത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. തൊണ്ടിമുതല്‍ പ്രതിഭാഗത്തിന് നിയമാനുസരണം കൈമാറേണ്ടതില്ല . എന്നാല്‍ തെളിവായി ഹാജരാക്കപ്പെടുന്ന രേഖകളുെട പകര്‍പ്പ് പ്രതിക്ക് ആവശ്യപ്പെടാം. എങ്കിലും ദൃശ്യങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. ഇരയുടെ സ്വകാര്യത ഈ കേസില്‍ പ്രധാനമാണെന്നും അത് സംരക്ഷിക്കണമെന്നും സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസഫലി പ്രതികരിച്ചു.
സര്‍ക്കാര്‍ വാദത്തെ ദിലീപ് ശക്തമായി എതിര്‍ത്തു. നിയമപരമായ അവകാശം അനുവദിക്കണമെന്ന് ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി വാദിച്ചു. ദൃശ്യങ്ങളിലുള്ള കാര്യങ്ങള്‍ ഉഭയസമ്മതത്തോടെയാണോയെന്ന് തെളിയിക്കാന്‍ പകര്‍പ്പ് അത്യാവശ്യമാണ്. ഓടുന്ന വണ്ടിയില്‍ പീഡനം നടന്നുവെന്നതാണ് പ്രോസിക്യൂഷന്‍ കേസ്. യഥാര്‍ഥത്തില്‍ നിര്‍ത്തിയിട്ട വണ്ടിയിലാണ് സംഭവം നടന്നതെന്നും ഇത്തരം ൈരുദ്ധ്യങ്ങള്‍ തെളിയക്കാന്‍ പകര്‍പ്പ് അത്യാവശ്യമാണെന്നും റോഹത്ഗി വാദിച്ചു.
ദൃശ്യങ്ങള്‍ കൈമാറിയാല്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നായിരുന്നു നടിയുടെ വാദം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളില്‍ പോലും പ്രതികള്‍ ഇതുപോലെ ദൃശ്യങ്ങള്‍ ചോദിച്ച് വന്നേക്കാം. പ്രതിയുടെ അവകാശം മാത്രമല്ല, ഇരയുടെ സ്വകാര്യതയും കോടതി മാനിക്കണമെന്നും നടി വാദിച്ചു.
Leave a Reply