1984ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയില്‍ പ്രതിയായ യഷ്പാല്‍ സിങിന് വധശിക്ഷ. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. കൂട്ടുപ്രതി നരേഷ് ഷെഹ്‌റാവത്തിന് ജീവപര്യന്തം തടവിനും വിധിച്ചു. മുൻ പ്രധാനമന്ത്രി ഇന്ധിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് ഡൽഹി മഹിളാപുരിൽ കലാപം നടത്തി സിഖുകാരെ വധിച്ചെന്നാണ് കേസ്. മഹിപാൽപുരിൽ ഹർദേവ് സിങ്, അവതാർ സിങ് എന്നിവർ കൊല്ലപ്പെട്ട കേസിൽ നരേഷ് ശെരാവത്ത്, യശ്‍പാൽ സിങ് എന്നിവർ കുറ്റക്കാരാണെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി അജയ് പാണ്ഡെ നേരത്തെ വിധിച്ചിരുന്നു.

തെളിവില്ലെന്ന കാരണത്താൽ ഡൽഹി പൊലീസ് 1994ൽ അവസാനിപ്പിച്ച കേസാണിത്. കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം ഏറ്റെടുത്തു കുറ്റപത്രം സമർപ്പിച്ചത്. സിഖ് വിരുദ്ധ കലാപ കേസിലെ ആദ്യ വധശിക്ഷാ വിധിയാണിത്. വിധിപ്രഖ്യാപനത്തിന് മുമ്പുണ്ടായ സംഘർഷാവസ്ഥയെ തുടർന്ന് ഡൽഹി പട്യാല ഹൗസ് കോടതിക്ക് മുമ്പിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. സിഖ് വിരുദ്ധ കലാപത്തിൽ രാജ്യത്താകമാനം 2800 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. ഇതിൽ 2100 പേരും ഡൽഹിയിലാണ് കൊല്ലപ്പെട്ടത്.