കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇന്ന് ഉച്ചയോടെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട ദിലീപ് എട്ടാം പ്രതിയാകും. നിലവില്‍ 11-ാം പ്രതിയാണ് ദിലീപ്. വിചാരണക്കോടതിയായ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മൊത്തം 11 പ്രതികളാണ് കേസിലുള്ളത്. രണ്ട് പേര്‍ മാപ്പുസാക്ഷികളാകും. സുനിക്ക് ജയിലില്‍വെച്ച് കത്തെഴുതി നല്‍കിയ വിപിന്‍ലാലും എആര്‍ ക്യാമ്പിലെ പോലീസുകാരനുമാണ് മാപ്പുസാക്ഷികളാകുക. മഞ്ജു വാര്യരും കേസില്‍ സാക്ഷിയാണ്.
ആക്രമണക്കേസില്‍ നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞതിനാല്‍ അതിന് അനുബന്ധമായായിരിക്കും പുതിയ കുറ്റപത്രം നല്‍കുക. മുന്നൂറിലേറെ സാക്ഷികളുടെ മൊഴികള്‍ പോലീസ് ശേഖരിച്ചു. 450ലധികം രേഖകളും ഫോണ്‍ രേഖകളും കേസിന്റെ ഭാഗമായി ശേഖരിച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്നോടിയായി ഡിജിപി ലോക്നാഥ് ബെഹ്റ നിയമവിദഗ്ദ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതായി പോലീസ് ആരോപിക്കുന്നു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച അപേക്ഷയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. സാക്ഷികളെ സ്വാധീനിച്ചെന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യം വിചാരണക്കോടതിയില്‍ അറിയിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ദിലീപിന് വിദേശത്തു പോകാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രോസിക്യൂഷന്‍.
Leave a Reply