കുഞ്ചറിയാ മാത്യു
കേരളത്തില്‍ ചതിയുടെയും വഞ്ചനയുടെയും പ്രതിരൂപമായി അറിയപ്പെടുന്നത് വടക്കന്‍ വീരഗാഥയിലെ ചന്തുവാണ്. അഭിനവ കേരളത്തില്‍ ആ സ്ഥാനം ജനപ്രിയ നായകനെന്ന പേരില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ദിലീപിനാകുമോ എന്ന് സംശയിക്കത്തക്ക രീതിയിലാണ് പ്രമുഖ സിനിമാനടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ ചെന്നെത്തുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും പ്രിയപ്പെട്ട നിഷ്കളങ്കനായ അയല്‍വക്കത്തെ ചെറുപ്പക്കാരനായി മലയാള സിനിമയില്‍ നിറഞ്ഞുനില്ക്കുമ്പോള് തന്നെ വഞ്ചനയുടെയും ചതിയുടെയും മറ്റൊരു ലോകത്തെ രാജാവായിരുന്നു ദിലീപെന്നാണ് വാര്‍ത്തകള്‍.
ദിലീപിന്റെ ഈശ്വരഭക്തി സിനിമാ ലോകത്ത് പ്രശസ്തമാണ്. ഈശ്വരാനുഗ്രഹം നേടിയും, ജ്യോതിഷം നോക്കിയുമേ എല്ലാ കാര്യങ്ങളും ചെയ്യാറുള്ളൂ. പോലീസ് കസ്റ്റഡിയില്‍ ആയപ്പോള്‍ മുതല്‍ ഉറ്റവരും സുഹൃത്തുക്കളും കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനകളും, വഴിപാടുകളുമായി തിരക്കിലാണ്. കഴിഞ്ഞ ദിവസം മാവേലിക്കര ചെട്ടിക്കുളങ്ങര ദേവീ ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടന്നിരുന്നു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ഉദ്ദിഷ്ടകാര്യലബ്ധിക്ക് കാവ്യാമാധവനുവേണ്ടി പൊന്നുംകുടം നേര്‍ച്ച നടന്നിരുന്നു. എന്നാല്‍ നേര്‍ച്ചകാഴ്ചകളുമായി ദിലീപ് ആശ്രയിക്കുന്ന ദൈവങ്ങളെയും വെറുതെ വിടില്ലെന്നാണ് പുതിയതായി വരുന്ന വാര്‍ത്ത.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് നിര്‍മിച്ചിരിക്കുന്നത് ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഊട്ടുപുര നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നല്കിയ ഭൂമിയിലാണെന്നാണ് ആരോപണം. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോടും പുറമ്പോക്കും ഉള്‍പ്പെടുന്നതാണെന്നും റവന്യൂ രേഖകളില്‍ ക്രമക്കേട് നടത്തിയാണ് ഭൂമി പോക്കുവരവ് നടത്തിയതെന്ന ആരോപണവുമുണ്ട്. അന്വേഷണം നടത്താന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ രണ്ട് വര്‍ഷം മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് സ്വാധീനമുപയോഗിച്ച് അട്ടിമറിച്ചു.
അതേസമയം ഡി സിനിമാസില്‍ കലാഭവന്‍ മണിക്ക് നിക്ഷേപമുണ്ടായിരുന്നു എന്ന സൂചനയെ തുടര്‍ന്ന് മണിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന സിബിഐ സംഘം വിശദാംശങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ഈ സ്ഥലം കണ്ടെത്തിയതും ഇടപാടിനായി കരാര്‍ ഉറപ്പിച്ചതും കലാഭവന്‍ മണിയാണ്. സംയുക്ത സംരംഭമെന്ന നിലയില്‍ സി എം സിനിമാസ് എന്നായിരുന്നു ഉദ്ദേശിച്ചിരുന്ന പേര്. എന്നാല്‍ പദ്ധതി പൂര്‍ത്തിയായപ്പോള്‍ തന്ത്രശാലിയായ ദിലീപ് പ്രസ്ഥാനം സ്വന്തമാക്കിയെന്നാണ് ആരോപണം. ഡി- സിനിമാസിന്റെ ഉദ്ഘാടനത്തിനുശേഷം ഉടമസ്ഥത സംബന്ധിച്ച് കലാഭവന്‍ മണിയുമായി ദിലീപിന് തര്‍ക്കങ്ങളുണ്ടായിരുന്നതായി മണിയുടെ മരണമന്വേഷിക്കുന്ന സിബിഐ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു പ്രതിപക്ഷ ജനപ്രിതിനിധിക്കും ഡി – സിനിമാസില്‍ നിക്ഷേപമുള്ളതായി ആരോപണമുണ്ട്.
Leave a Reply