ബ്രെക്സിറ്റിനെച്ചൊല്ലി ജോൺസണും ടോറി പക്ഷത്തെ വിമതരും തമ്മിലുള്ള ഏറ്റുമുട്ടലിന് മുന്നോടിയായി കൺസേർവേറ്റിവ് പാർട്ടി എംപി ഫിലിപ് ലീ, ലിബറൽ ഡെമോക്രറ്റിസിലേക്ക് മാറിയതടക്കം നാടകീയ രംഗങ്ങളാണ് ഇന്നലെ പാർലമെന്റിൽ അരങ്ങേറിയത്. ഇന്നലെ നടന്ന കോമൺസ് വോട്ടെടുപ്പിൽ സർക്കാരിന് ഭൂരിപക്ഷവും നഷ്ടമായി. 2010 മുതൽ ബ്രാക്നെലിന്റെ ബെർക്ക്ഷയർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആളാണ് ഫിലിപ് ലീ.

കരാർ ഇല്ലാതെ ഒക്ടോബർ 31ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകുന്നത് തടയാൻ രൂപകൽപന ചെയ്ത ബിൽ മുന്നോട്ട് കൊണ്ടുവരുന്നതിനായി ടോറി പക്ഷ വിമതർ ലേബറിൽ ചേരും. അവർ വിജയിക്കുകയാണെങ്കിൽ ഒക്ടോബർ 14ന് ബോറിസ് ജോൺസന് ഒരു പൊതുതെരഞ്ഞെടുപ്പ് വിളിക്കേണ്ടി വരും. ടോറി വിമതർ ബില്ലിനെ പിന്തുണയ്ക്കുമെന്ന് താൻ വിശ്വസിക്കുന്നെന്ന് മുൻ ചാൻസിലർ ഫിലിപ്പ് ഹാമണ്ട് പറഞ്ഞു. ഇപ്രകാരം ഒരു പൊതുതെരഞ്ഞെടുപ്പ് വിളിച്ചാൽ നാല് വർഷത്തിനിടെ മൂന്നാം തവണയാണ് രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്.

ബോറിസ് ജോൺസന് ഇപ്പോൾ ഹൗസ് ഓഫ് കോമ്മൺസിൽ പ്രവർത്തന ഭൂരിപക്ഷമില്ല. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടനെ പുറത്ത് കൊണ്ടുവരണമെന്നും നോ ഡീൽ ബ്രെക്സിറ്റിനെ തടയാൻ വേണ്ടി നിയമനിർമാണം പാസാക്കാനുള്ള എംപിമാരുടെ നീക്കങ്ങൾ പുതിയ കരാർ ചർച്ചയ്ക്കുള്ള സാധ്യതകൾക്ക് തടസ്സമാകുമെന്നും ജോൺസൻ പറഞ്ഞു. എൻഎച്ച്എസിനും മറ്റ് പൊതു സേവനങ്ങൾക്കും പറഞ്ഞറിയിക്കാനാവാത്ത നാശമുണ്ടാക്കുന്ന ബ്രെക്സിറ്റിനെ തടയാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന്, ഫിലിപ് ലീയെ പാർട്ടിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ലിബറൽ ഡെമോക്രാറ്റ്സ് നേതാവ് ജോ സ്വിൻസൺ പറഞ്ഞു. ഏത് സമയത്തും ഒരു പൊതുതെരഞ്ഞെടുപ്പിന് തന്റെ പാർട്ടി തയ്യാറാണെന്ന് എസ് എൻ പി നേതാവ് ഇയാൻ ബ്ലാക്ക്‌ഫോർഡും അഭിപ്രായപ്പെട്ടു.

ഒരു കരാറിലൂടെയോ അല്ലാതെയോ ഒക്ടോബർ 31ന് തന്നെ ബ്രെക്സിറ്റ്‌ നടത്തിയെടുക്കണം എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ബോറിസ് ജോൺസൻ. നോ ഡീൽ ബ്രെക്സിറ്റിനെ തടയാൻ ലേബർ പാർട്ടിയും ടോറി പക്ഷത്തെ വിമതരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. നോ ഡീൽ ബ്രെക്സിറ്റ്‌ പാർലമെന്റ് തടയുകയാണെങ്കിൽ ഒക്ടോബർ 14ന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ജോൺസൻ മുന്നറിയിപ്പ് നല്കിയിട്ടുണ്ടായിരുന്നു. വേനൽക്കാല അവധിയ്ക്ക് ശേഷം എംപിമാർ ഇന്നലെ പാർലമെന്റിൽ തിരിച്ചെത്തി.