നടന്‍ ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ചു വിവരങ്ങള്‍ തേടി പൊലീസ്. നടി മഞ്ജു വാരിയര്‍ക്കും മുന്‍പു ദിലീപ് വിവാഹിതനായിരുന്നെന്നാണു പൊലീസ് നല്‍കുന്ന വിവരം. അകന്ന ബന്ധുവായ യുവതിയാണു ദിലീപിന്റെ ആദ്യഭാര്യ. ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലാണു ഇവര്‍ റജിസ്റ്റര്‍ വിവാഹം ചെയ്തത്. ഇതുമായി ബന്ധപ്പെട്ടു മിമിക്രി താരം അബിയില്‍നിന്നുള്‍പ്പെടെ പൊലീസ് മൊഴിയെടുത്തു. രേഖകള്‍ കണ്ടെടുക്കാന്‍ ശ്രമം തുടരുകയാണ്.

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ നടന്‍ ദിലീപിന്റെ വ്യക്തിജീവിതം രേഖപ്പെടുത്തേണ്ടതുണ്ട്. ദിലീപിന്റെ വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണസംഘം ഇതിനായി ശേഖരിക്കുന്നത്. മഞ്ജു വാരിയരുമായുള്ള വിവാഹമോചനം, കാവ്യാ മാധവനുമായുള്ള രണ്ടാംവിവാഹം എന്നീ കാര്യങ്ങളിലേക്കു ദിലീപ് എത്തിയതിനുപിന്നിലെ കാരണങ്ങളാണു പൊലീസ് പരിശോധിക്കുന്നത്.

ജൂലൈയിലാണു ദിലീപിന്റെ ആദ്യഭാര്യ മഞ്ജു അല്ലെന്ന സൂചന പൊലീസിനു കിട്ടുന്നത്. അകന്ന ബന്ധുവായ യുവതിയാണു ദിലീപിന്റെ ആദ്യഭാര്യയെന്നു വിവരം കിട്ടി. ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലെ റജിസ്റ്റര്‍ വിവാഹത്തിനു ശേഷമാണു ദിലീപ് സിനിമയിലേക്ക് എത്തുന്നത്. ഇതിനുശേഷമാണു നടി മഞ്ജു വാരിയരുമായി അടുപ്പത്തിലാകുന്നത്. ഈ പരിചയം മഞ്ജുവുമായുള്ള വിവാഹത്തിലേക്കു നയിച്ചു. ഇത്തരം സാഹചര്യങ്ങള്‍ വന്നപ്പോള്‍ യുവതിയോടു ബന്ധുക്കളും മറ്റും കാര്യങ്ങള്‍ വിശദീകരിച്ചു ബോധ്യപ്പെടുത്തി. ബന്ധുക്കളുടെ മധ്യസ്ഥതയില്‍ ഇവര്‍ ദിലീപുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ തയാറായി. ഈ യുവതി ഇപ്പോള്‍ ഗള്‍ഫിലാണ്. യുവതിയെ നാട്ടിലെത്തിച്ചു മൊഴിയെടുക്കാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചിട്ടില്ല,

ദിലീപിന്റെ ആദ്യവിവാഹത്തെക്കുറിച്ച് അറിയാവുന്ന സിനിമാമേഖലയിലെ സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഗോപാലകൃഷ്ണന്‍ എന്ന ഔദ്യോഗിക പേരിലാണു ദിലീപ് ആദ്യ വിവാഹം റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്ന് ആരൊക്കെയാണു സാക്ഷിയായി ഒപ്പിട്ടതെന്നു കണ്ടെത്തിയിട്ടുണ്ട്. റജിസ്റ്റര്‍ ഓഫീസിലെ ഈ രേഖകള്‍ കുറ്റപത്രത്തിനൊപ്പം വയ്ക്കാനാണു പൊലീസിന്റെ നീക്കം. ഈ രേഖകള്‍ കണ്ടെടുക്കുന്ന ജോലിയാണു ഒരു മാസമായി അന്വേഷണസംഘം രഹസ്യമായി ചെയ്തിരുന്നത്. രേഖകള്‍ ഇപ്പോഴും കിട്ടിയിട്ടില്ലെന്നാണ് അറിയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യ വിവാഹത്തിന്റെ സാക്ഷികളെ പലതവണ പൊലീസ് ഫോണില്‍ വിളിച്ചിരുന്നു. അന്നത്തെ കൃത്യമായി തീയതി അറിയിക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യവിവാഹത്തില്‍നിന്നു ദിലീപ് നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നാണു സൂചന. ആദ്യഭാര്യ ഇപ്പോഴും അജ്ഞാതയായി തുടരുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ദിലീപിന്റെ ആദ്യഭാര്യയെപ്പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമാക്കിവച്ചു എന്നാണു പൊലീസ് പറയുന്നത്.

നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഏതാനും ബന്ധുക്കളെയും ചോദ്യം ചെയ്തിട്ടുണ്ട്. ദിലീപിന്റെ സഹോദരീ ഭർത്താവ് ഉൾപ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്തത് എന്നാണ് സൂചന. ദിലീപിന്റെ പേരിലുള്ള വാഹനത്തിലാണ് ഇവര്‍ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. ദിലീപിന്റെ മിക്ക വ്യവസായ സംരംഭങ്ങളും നോക്കിനടത്തുന്നത് സഹോദരീ ഭർത്താവാണ്.

ഗൂഢാലോചന സംബന്ധിക്കുന്ന ചില കണ്ണികൾ കൂട്ടിയോജിപ്പിക്കാനുള്ള മൊഴികളാണു പൊലീസ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. കേസിൽ ഇനി രണ്ട് അറസ്റ്റിനു കൂടി സാധ്യതയുണ്ടെന്നാണു സൂചന. മൊഴി രേഖപ്പെടുത്തി വിട്ടയച്ച എല്ലാവരും ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്.