നടിയെ ആക്രമിച്ച കേസില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാമെന്ന് ഹൈക്കോടതി. കാര്‍ഡ് അനധികൃതമായി തുറന്നതിന്റെ തെളിവായ ഹാഷ് വാല്യൂ മാറിയോയെന്ന് പരിശോധിക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. വിചാരണ കോടതിയുടെ കൈവശമുള്ള കാര്‍ഡ് രണ്ട് ദിവസത്തിനകം സംസ്ഥാന ഫൊറന്‍സിക് ലാബിലേക്ക് അയക്കണം. ഏഴ് ദിവസത്തിനകം പരിശോധന
പൂര്‍ത്തിയാക്കി ഫലം മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് വ്യക്തമാക്കി.
ഹാഷ് വാല്യൂ മാറിയോ എന്നത് അന്വേഷണത്തെ ബാധിക്കുന്ന വിഷയമല്ല. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയത്. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നായിരുന്നു അതിജീവിതയുടെയും ആവശ്യം. മെമ്മറി കാര്‍ഡ് അനധികൃതമായി ആരെങ്കിലും തുറന്നുവെങ്കില്‍ അത് തന്റെ സ്വകാര്യതയെ ബാധിക്കുന്നതാണെന്ന് അവര്‍ ഉന്നയിച്ചിരുന്നു എന്നാല്‍ പരിശോധന ആവശ്യമില്ലെന്നായിരുന്ന ദിലീപിന്റെ നിലപാട്. പരിശോധന കേസിന്റെ വിചാരണ വൈകിപ്പിക്കാനാണെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു.
മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി വിചാരണ കോടതി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് മൂന്ന് ദിവസമാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്
Leave a Reply