57 ദിവസത്തിന് ശേഷം നടന് ദിലീപ് ആലുവയിലെ വീട്ടില്‍. അച്ഛന് ശ്രാദ്ധമൂട്ടാന്‍ കോടതി അനുവദിച്ചത് രണ്ട് മണിക്കൂര്‍ സമയമായിരുന്നു. കൃത്യം എട്ട് മണിക്ക് തന്നെ ദിലീപ് ജയിലിന് പുറത്തിറങ്ങി. ആലുവ സബ്ജയിലില്‍ ഇറങ്ങിയ ദിലീപ് ശാന്തനായാണ് കാണപ്പെട്ടത്. വെള്ള ഷര്‍ട്ടും നീല ജീന്‍സുമായിരുന്നു വേഷം. താടി വളര്‍ത്തിയിരുന്നു. കോടതി നിര്‍ദേശമുള്ളത് കൊണ്ട് തന്നെ മുന്നിലേക്ക് ചാനല്‍ മൈക്കുകളിലേക്ക് നോക്കുക പോലും ചെയ്യാതെ ദിലീപ് വാഹനത്തില്‍ കയറിയിരുന്നു
. തുടര്‍ന്ന് ഒന്നര കിലോമീറ്ററോളം മാത്രം ദൂരമുള്ള കൊട്ടാരക്കടവിലെ പദ്മസരോവരം വീട്ടിലേക്ക്. ജയിലിനും വീടിനും പുറത്തായി വന്‍ ജനാവലി തന്നെ തടിച്ചുകൂടിയിരുന്നു. പൊലീസ് അകമ്പടിയോടെ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. മഫ്തിയിലായിരുന്നു വീട്ടില്‍ പൊലീസുകാര്‍. വീട്ടിലേക്ക് നടന്നുകയറിയ ദിലീപിനെ സ്വീകരിക്കാന്‍ പൂമുഖത്ത് ബന്ധുക്കള്‍ നിന്നിരുന്നു.
വീടിനകത്തേക്ക് കയറിപ്പോയ ദിലീപ് അല്‍പ്പസമയത്തിന് ശേഷം കുളിച്ച് ഈറനണിഞ്ഞ് ശ്രാദ്ധകര്‍മ്മങ്ങള്‍ക്കായി സഹോദരനും സഹോദരിക്കും ഒപ്പം വീടിന് പുറത്തേക്ക് വന്നു.ദിലീപിന്റെ അമ്മയുടെ കൈ പിടിച്ച് മകള്‍ മീനാക്ഷിയും ചടങ്ങുകള്‍ കാണാന്‍ ദിലീപിനൊപ്പം വീട്ടുമുറ്റത്തേക്ക് നടന്നുനീങ്ങി. കാവ്യാ മാധവനും മറ്റ് ബന്ധുക്കളും വീടിനകത്തുണ്ടായിരുന്നു. തുടര്‍ന്ന് ബലികാക്കയെ കൈകൊട്ടി വിളിക്കുന്ന ചടങ്ങടക്കം പൂര്‍ത്തിയായി തിരികെ വീട്ടിലേക്ക് നടന്നു. 10 മണി വരെ സമയമുള്ളതിനാല്‍ ബാക്കിയുള്ള സമയം വീട്ടുകാര്‍ക്കൊപ്പം ചിലവഴിച്ച ശേഷം ജയിലിലേക്ക് മടങ്ങും.
ദിലീപിന്റെ ആരാധകരാരും തന്നെജയിലിന്റെ പരിസരത്തോ വീടിന്റെ പരിസരത്തോ എത്തിയിരുന്നില്ല. ഫാൻസ് അസോസിയേഷനുകളുടെ പ്രകടനങ്ങളോ മുദ്രാവാക്യങ്ങളോ അനുവദിക്കരുതെന്ന നിർദേശവും പൊലീസിന് ലഭിച്ചിരുന്നെന്നാണ് വിവരം .ദിലീപ് ജയിലിന് പുറത്തിറങ്ങുന്നതും കാത്ത് വന്‍ ജനാവലിയും മാധ്യമപടയുമാണ് പുറത്തുണ്ടായിരുന്നത്.
ആലുവ ശിവക്ഷേത്രത്തിൽ കർമങ്ങൾ ചെയ്യണമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ, ആലുവ പാലസിന് സമീപത്തെ വീട്ടിലെ ചടങ്ങുകളിൽ പങ്കെടുക്കാൻ മാത്രമെ അനുമതി ലഭിച്ചുള്ളൂ. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ലീന റിയാസാണ് ദിലീപിന് ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. രാവിലെ ഏഴുമുതല്‍ ഉച്ചക്ക് 11വരെ സമയം നല്‍കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടതെങ്കിലും രാവിലെ രണ്ടുമണിക്കൂർ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയത്. രഹസ്യസംഭാഷണങ്ങളും മാധ്യമപ്രവര്‍ത്തകരെ കാണുന്നതും കോടതി വിലക്കിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് പുഴയില്‍ മുങ്ങുന്നതും വിലക്കിയിട്ടുണ്ട്.
Leave a Reply