കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെതിരേ സമ്മര്‍ദതന്ത്രവുമൊരുക്കി ക്രൈംബ്രാഞ്ച്. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ വിവരങ്ങള്‍ തേടി കുടുംബാംഗങ്ങളില്‍ രണ്ടുപേരെ കൂടി ചോദ്യം ചെയ്യുമെന്നാണു ക്രൈംബ്രാഞ്ച് ദിലീപിനെ അറിയിച്ചത്. ഇവരുടെ ഫോണുകളും പരിശോധനയ്‌ക്കയയ്‌ക്കും.
കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി അടുത്തമാസം രണ്ടിനു മാറ്റിയിരിക്കേ അതിനുള്ളില്‍ കൊലപാതക ഗൂഢാലോചനയില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെടുക്കാനുളള അന്വേഷണത്തിലാണു ക്രൈംബ്രാഞ്ച്. മൂന്നു ദിവസങ്ങളിലായി നടന്ന ചോദ്യം ചെയ്യലിലും ദിലീപ് പല വിവരങ്ങളും മറയ്‌ക്കുന്നുവെന്നു വ്യക്‌തമായതോടെയാണു ചില കാര്യങ്ങളില്‍ വ്യക്‌തതവരാന്‍ അടുത്ത ബന്ധുക്കളില്‍ ചിലരെ വിളിച്ചുവരുത്തേണ്ടിവരുമെന്ന് അന്വേഷണ സംഘം ദിലീപിനെ അറിയിച്ചത്.
ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും സംവിധായകന്‍ ബാലചന്ദ്ര കുമാറും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ചിനു കൊടുത്ത മറുപടിക്കത്തില്‍ ദിലീപ് ആവശ്യപ്പെട്ടു.
കൊലപാതക ഗൂഢാലോചന കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ അടുത്ത സുഹൃത്തുക്കളായ കൂടുതല്‍ പേരെ ചോദ്യം ചെയ്യും. നേരത്തെ നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കാതെ ദിലീപിന് അനുകൂലമായി സാക്ഷിമൊഴി മാറ്റിയവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാമ്പത്തിക സ്രോതസും അന്വേഷിക്കും.
സിനിമാരംഗത്തുനിന്ന് അരുണ്‍ ഗോപി, റാഫി, വ്യാസന്‍ എടവനക്കാട് എന്നിവരുടെ മൊഴിയെടുക്കുകയും വധഭീഷണി സ്വരത്തിലുള്ള റെക്കോഡ് ചെയ്‌ത ശബ്‌ദ ഭാഗങ്ങള്‍ ദിലീപ് പറഞ്ഞതു തന്നെയെന്നു സ്‌ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ സജിത്തിന്റെ മൊഴിയും എടുത്തു. ഇദ്ദേഹം തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് നടപടി. ദിലീപിനു ജാമ്യം ലഭിക്കാന്‍ ഇടപെട്ടതായി ബാലചന്ദ്രകുമാര്‍ പറഞ്ഞതായാണ് അഭിഭാഷകന്റെ മൊഴി. താന്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ബാലചന്ദ്രകുമാര്‍ അയച്ച വാട്‌സ്ആപ്പ് ചാറ്റുകളും അഭിഭാഷകന്‍ കൈമാറി. ദിലീപടക്കം പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് അഭിഭാഷകന്റെ മൊഴിയെടുത്തത്.
Leave a Reply