നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ കുടുങ്ങിയത് സ്രാവല്ലെന്ന് മുഖ്യപ്രതി സുനിൽ കുമാർ. കേസിൽ ഇനിയും പ്രതികൾ കുടുങ്ങാനുണ്ടെന്നും സുനി പറഞ്ഞു. ജയിലില്‍ ഫോണ്‍ വിളിച്ച കേസില്‍ കാക്കനാട് കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോഴാണ് സുനി മാധ്യമപ്രവർത്തകരോട് ഇങ്ങനെ പറഞ്ഞത്. കേസിൽ സുനിയുടെ റിമാന്‍ഡ് രണ്ടാഴ്ചത്തേക്ക് കാക്കനാട് കോടതി നീട്ടി.
അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് റൂറല്‍ എസ്‌പി എ.വി.ജോര്‍ജ് പറഞ്ഞു. ദിലീപിന്റെ ജാമ്യം തടയാൻ മാത്രം ശക്തമാണ് തെളിവുകൾ. അന്വേഷണം പൂർത്തിയാക്കുന്ന മുറയ്ക്ക് കുറ്റപത്രം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാളെയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം കേൾക്കുന്നതിന് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാൽ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ അവസരമുണ്ടെങ്കിലും അതിനു ശ്രമിക്കാതെ ഹൈക്കോടതിയെ നേരിട്ടു സമീപിക്കുകയായിരുന്നു.
ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതിയിൽ എതിർക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഡയറിയുൾപ്പെടെയുള്ളവ ഹാജരാക്കി റിമാൻഡ് കാലാവധി നീട്ടാനാണ് പൊലീസ് നീക്കം.
(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)
Leave a Reply