കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ്. രണ്ടാഴ്ച മുന്‍പാണ് ആഭ്യന്തര സെക്രട്ടറിക്കു ദിലീപ് കത്തുനല്‍കിയത്. വ്യാജ തെളിവുകളുണ്ടാക്കി തന്നെ കുടുക്കിയെന്നു കത്തില്‍ പറയുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും എഡിജിപി ബി.സന്ധ്യയ്ക്കും തന്നെ കുടുക്കിയതില്‍ പങ്കുണ്ടെന്നും ദിലീപ് ആരോപിക്കുന്നു. ഒക്ടോബര്‍ 18നാണ് 12 പേജുള്ള കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചത്. കത്ത് കിട്ടിയെന്നും പരിശോധിച്ചു വരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. യുവനടി ആക്രമിക്കപ്പെട്ടതിനുശേഷമുള്ള സംഭവങ്ങള്‍ കത്തില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്.
ഏപ്രില്‍ പത്തിനാണ് പള്‍സര്‍ സുനിയുടെ ആളുകള്‍ തനിക്കെതിരെ ഭീഷണിയുയര്‍ത്തി സംവിധായകന്‍ നാദിര്‍ഷായെ വിളിച്ചത്. അന്നുതന്നെ ഇക്കാര്യം ഡിജിപിയെ വിളിച്ചറിയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ നേരിട്ടുകണ്ട് പരാതി നല്‍കുകയും ചെയ്തു. ഏപ്രില്‍ 18, 20, 21 ദിവസങ്ങളിലുണ്ടായ ബ്ലാക്ക് മെയില്‍ ഫോണ്‍ വിളികളുടെ ശബ്ദരേഖയും ഡിജിപിക്കു കൈമാറി. ഇതുവരെയും ഇവ പരിശോധിക്കാന്‍ പൊലീസ് തയാറായിട്ടില്ലെന്നും കത്തില്‍ പറയുന്നു. പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണ്. അതാരും ഇതുവരെ നിഷേധിച്ചിട്ടില്ല. സത്യമിതായിരിക്കെ മറ്റൊരു തരത്തിലാണ് ഡിജിപിയും അന്വേഷണ സംഘവും പെരുമാറിയത്.
വ്യാജ തെളിവുകളുണ്ടാക്കി തന്നെ കുടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ നീതീകരിക്കാനാവാത്ത നിലപാടാണ് ഡിജിപിയും എഡിജിപി ബി.സന്ധ്യയും സ്വീകരിച്ചത്. അതുകൊണ്ട് ഈ അന്വേഷണ ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റിനിര്‍ത്തി വീണ്ടും അന്വേഷണം നടത്തണം. കേസ് സിബിഐക്കു വിടുകയോ ഇവരെ ഉള്‍പ്പെടുത്താതെ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പുതിയ അന്വേഷണ സംഘം കൊണ്ടുവരികയോ വേണം. ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ്, ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശന്‍, ഡിവൈഎസ്പി സോജന്‍ വര്‍ഗീസ്, ആലുവ സിഐ ബൈജു പൗലോസ് എന്നിവരെ കേസ് അന്വേഷണത്തില്‍നിന്നു മാറ്റിനിര്‍ത്തണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം കുറ്റപത്രം പൂര്‍ത്തിയാക്കി സമര്‍പ്പിക്കാനിരിക്കെയാണ് ദിലീപിന്റെ നീക്കം. കേസില്‍ ദിലീപിനെതിരെ ഉന്നയിക്കുന്ന ഗൂഢാലോചന പൊലീസ് കണ്ടെത്തിയിരിക്കുന്നതു നാലു ദിവസങ്ങളില്‍ നാലു സമയങ്ങളിലാണ്. പ്രതിഭാഗം ഉന്നയിക്കാനിടയുള്ള ‘ആലബൈ’ വാദത്തിനു കുറ്റപത്രത്തില്‍ തന്നെ പാഠഭേദം ഒരുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. ഇന്ത്യന്‍ തെളിവുനിയമത്തിലെ 11–ാം വകുപ്പ് അനുസരിച്ചു പ്രതിക്കു നിരപരാധിത്വം തെളിയിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ആലബൈ. കുറ്റകൃത്യം നടക്കുന്ന സമയത്ത്, പ്രതി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നു തെളിയിക്കുന്ന രീതിയാണിത്.
Leave a Reply