അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാനായി നടന്‍ ദിലീപ് രണ്ടുമാസങ്ങള്‍ക്ക് ശേഷം ഇന്ന് ജയിലിന് പുറത്തിറങ്ങും. ആലുവ മണപ്പുറത്തും വീട്ടിലുമായി രാവിലെ എട്ടുമുതല്‍ പത്തുവരെ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്.
പെരിയാറിനോട് ചേര്‍ന്നുളള ആലുവ കൊട്ടാരക്കടവിലെ പദ്മസരോവരം എന്ന വീട്ടിലാണ് ചടങ്ങുകള്‍. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം, ചെലവ് സ്വയം വഹിക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം ലഭിക്കാതെ തന്നെ ദിലീപ് പുറത്തിറങ്ങുന്നത്. ദിലീപിന് അനുകൂലമായി ഫാന്‍സ് അസോസിയേഷന്‍ പ്രകടനം നടത്താന്‍ സാധ്യതയുളളതിനാല്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
ജയിലില്‍ നിന്നു വീട്ടിലെത്തുന്ന താരം ആലുവ മണപ്പുറത്തെ ചടങ്ങുകളില്‍ പങ്കെടുക്കുമോ എന്ന കാര്യം സംശയമാണ്. സുരക്ഷാ കാരണങ്ങളെത്തുടര്‍ന്ന് താരം വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ മാത്രമെ പങ്കെടുക്കാന്‍ സാധ്യതയുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ വീട്ടില്‍ ഇതിനോടകം തന്നെ പൊലീസ് എത്തിക്കഴിഞ്ഞു.
ആലുവ മണപ്പുറത്ത് ദിലീപ് എത്തുകയാണെങ്കില്‍ അവിടെ താരത്തെ കാണുന്നതിനായി നിരവധിയാളുകള്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. അത് സുരക്ഷയെ ബാധിക്കാം എന്നതിനാലാണ് മണപ്പുറത്തെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ തീരുമാനമാകാത്തത്. നേരത്തെ ദിലീപിനെ കോടതിയില്‍ ഹാജരാക്കിയപ്പോഴും തെളിവെടുപ്പിന് എത്തിച്ചപ്പോഴുമെല്ലാം വലിയ ജനക്കൂട്ടം എത്തിയിരുന്നു.
Leave a Reply