യുവനടി ഓടുന്ന വാഹനത്തില്‍ അതിക്രമത്തിന് ഇരയായ സംഭവത്തില്‍ തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നതായി നടന്‍ ദിലീപ്. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണങ്ങളെല്ലാം. ഈ സംഭവത്തിലെ കുറ്റക്കാരെ കണ്ടുപിടിക്കേണ്ടത് മറ്റാരേക്കാളും തന്റെ ആവശ്യമാണ്. മാധ്യമങ്ങളല്ല, പ്രേക്ഷകരാണ് തന്നെ വളര്‍ത്തി വലുതാക്കിയതെന്നും ദിലീപ് പറഞ്ഞു. പുതിയ ചിത്രമായ ‘ജോര്‍ജേട്ടന്‍സ് പൂര’ത്തിന്റെ ഓഡിയോ പുറത്തിറക്കുന്ന ചടങ്ങിലാണ് ദിലീപ് വികാരഭരിതനായി പ്രതികരിച്ചത്.
പ്രേക്ഷകരുടെ മനസില്‍ തനിക്കെതിരെ വിഷം നിറയ്ക്കാനുള്ള ക്വട്ടേഷനാണ് നടന്നതെന്നും ദിലീപ് പറഞ്ഞു. എനിക്ക് ഇത്രമാത്രം ശത്രുക്കളുണ്ടെന്ന് അറിയില്ലായിരുന്നു. എനിക്കും അമ്മയും മകളും സഹോദരിയുമുണ്ട്. മനസു തകര്‍ന്ന് ജീവിതം മടുത്ത അവസ്ഥയിലായിരുന്നു ഈ ദിവസങ്ങളില്‍ ഞാന്‍. ഇങ്ങനെ ഉപദ്രവിക്കാന്‍ മാത്രം എന്തു തെറ്റാണ് താന്‍ ചെയ്തതെന്ന് ഇപ്പോഴും അറിയില്ലെന്നും ദിലീപ് വ്യക്തമാക്കി. ദൈവത്തിലും പ്രേക്ഷകരിലും രാജ്യത്തെ നിയമത്തിലും മാത്രമാണ് തനിക്കു വിശ്വാസമുള്ളതെന്നും ദിലീപ് പറഞ്ഞു.
കുറേ നാളുകള്‍ക്കുശേഷം ആദ്യമായാണ് ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുന്നത്. അതുകൊണ്ട് രണ്ടു വാക്ക് സംസാരിക്കണമെന്നു തോന്നി എന്ന ആമുഖത്തോടെയായിരുന്നു ദിലീപിന്റെ വാക്കുകള്‍. ഏതാനും ദിവസം മുന്‍പാണ് എനിക്കൊപ്പം ഏറ്റവുമധികം ചിത്രങ്ങളില്‍ അഭിനയിച്ച നടിക്കെതിരായ ആക്രമണം നടന്നത്. നമ്മെയൊക്കെ ഞെട്ടിച്ച സംഭവമായിരുന്നു അത്. ഞാനവരെ വിളിച്ച് സംസാരിക്കുകയൊക്കെ ചെയ്തിരുന്നു.
എന്നാല്‍, രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ആരോപണങ്ങളെല്ലാം എനിക്കുനേരെയായത്. വെടിക്കെട്ടു നടക്കുന്നതിന്റെ നടുക്കുപെട്ടവന്റെ അവസ്ഥയിലായിരുന്നു ഞാന്‍. അവിടെ പൊട്ടുന്നു, ഇവിടെ പൊട്ടുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കു മനസിലായില്ല. പുകമറയൊക്കെ മാറിയപ്പോള്‍ ആക്രമണത്തിനു പിന്നില്‍ ഗൂഢാലോചനയാണ്, ക്വട്ടേഷനാണ് എന്നൊക്കെ കേട്ടു. പിന്നീടാണ് മനസിലായത്, ക്വട്ടേഷന്‍ എനിക്കെതിരെ ആയിരുന്നു – ദിലീപ് പറഞ്ഞു.
ഞാന്‍ അന്വേഷിച്ചപ്പോള്‍ മനസിലായത് മുംബൈയില്‍നിന്നുള്ള ഒരു ഇംഗ്ലീഷ് പത്രത്തില്‍നിന്നാണ് ഗൂഢാലോചനയുടെ തുടക്കം. അതിനെ ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങള്‍ ഏറ്റുപിടിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുകയായിരുന്നു. സാധാരണ ഇത്തരം വാര്‍ത്തകള്‍ക്ക് ചെവികൊടുക്കുന്നയാളല്ല ഞാന്‍. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്കു നേരിട്ടു വന്നാണ് ശീലം.
എന്നാല്‍, എന്റെ പേരിട്ട് നേരിട്ടു പറയാതെ ആലുവയിലെ പ്രമുഖ നടന്‍ എന്നൊക്കെ പറഞ്ഞ് നമ്മുടെ പത്രങ്ങള്‍ വാര്‍ത്തകൊടുത്തു. അതു ഞാനാണെന്ന് കേരളത്തിലെ എല്ലാവര്‍ക്കുമറിയാം. എന്നെ പൊലീസ് ചോദ്യം ചെയ്തു, എന്റെ വീട്ടില്‍ മഫ്തിയില്‍ പൊലീസ് വന്നു എന്നൊക്കെ അവര്‍ വാര്‍ത്ത കൊടുത്തു. ഇതോടെയാണ് കാര്യങ്ങളെ താന്‍ ഗൗരവമായി കണ്ടു തുടങ്ങിയതെന്നും ദിലീപ് പറഞ്ഞു. തനിക്കെതിരെ വാര്‍ത്ത കൊടുത്തവര്‍ പിന്നീട് നിജസ്ഥിതി മനസിലാക്കിയിട്ടും വാര്‍ത്ത തിരുത്തിക്കൊടുത്തില്ലെന്നും ദിലീപ് ആരോപിച്ചു. തനിക്കെതിരെ നടന്നത് അക്ഷരാര്‍ഥത്തില്‍ മാധ്യമവേട്ടയാണെന്നും ദിലീപ് പറഞ്ഞു.

ദിലീപിന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ കാണാം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ