ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഇംഗ്ലണ്ട് : 2021 ഓടെ ഇലക്ട്രോണിക് സർവീസ് ഉപയോഗിച്ചുള്ള മരുന്നു കുറിപ്പടികൾ പൂർണ്ണമായി നടപ്പിലാക്കാൻ ശുപാർശ. അടുത്ത മാസം മുതൽ മാറ്റം നിലവിൽ വരും. പ്രൈമറി കെയർ മിനിസ്റ്റർ ജോ ചർച്ചിലാണ് പദ്ധതി പ്രഖ്യാപിച്ചത്. നൂറുകണക്കിന് ഫാർമസികളും അറുപതോളം ജനറൽ പ്രാക്ടീസ് കളിലുമായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് പ്രിസ്ക്രിപ്ഷൻ സർവീസ്(Eps) മുഴുവനായി ഉപയോഗത്തിൽ വരുത്താനാണ് തീരുമാനം. ഇപ്പോൾതന്നെ ഏകദേശം 70 ശതമാനത്തോളം കുറിപ്പടികൾ ഇലക്ട്രോണിക്സ് സിസ്റ്റം ഉപയോഗിച്ചാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഇതിനെ സംബന്ധിച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിനെ വളരെ നല്ല ഫീഡ്ബാക്ക് ആണ് ലഭിച്ചിരിക്കുന്നത്.

2009 മുതൽ നിലവിലുള്ള സിസ്റ്റം ആണ് ഇത്. ഒരിക്കൽ രജിസ്റ്റർ ചെയ്യപ്പെട്ടാൽ പിന്നീട് രോഗിയുടെ മരുന്നിന്റെ വിശദാംശങ്ങൾ എല്ലാം ഇതിലൂടെ രേഖപ്പെടുത്താൻ ആവും. രോഗികൾ ആവശ്യപ്പെടുകയാണെങ്കിൽ ഒരു ഡിജിറ്റൽ ബാർകോഡ് ഉള്ള മരുന്നു ചീട്ട് പ്രിന്റ് ചെയ്യാനും ആവും. രോഗിയുടെ ഒപ്പിന് പകരം ഡിജിറ്റൽ ഒപ്പ് ആണ് ഉണ്ടാവുക. സ്പൈൻ എന്ന് പേരിട്ടിരിക്കുന്ന എൻ എച്ച് എസ് ഡേറ്റാബേസ് സിസ്റ്റത്തിലൂടെ രോഗിയുടെ വിശദാംശങ്ങൾ ശേഖരിക്കാനും, എഫിഷ്യൻസി കൂട്ടുന്നതിനും, പേപ്പർ ഉപയോഗം കുറയ്ക്കുന്നതുൾപ്പെടെ ധാരാളം ഗുണങ്ങൾ ഇതിനുണ്ട്. വിവരങ്ങൾ ശേഖരിച്ച് വയ്ക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ജനറൽ ഡോക്ടർമാർക്ക് സമയം ലഭിക്കുന്നതിനോടൊപ്പം മില്യൻ കണക്കിന് പൗണ്ട് ലാഭിക്കാം എന്നാണ് ചർച്ചിൽ പറയുന്നത്. എല്ലാ കുറിപ്പടികളും പേപ്പർ രഹിതം ആക്കുന്നതിനുള്ള പ്രാരംഭ നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. രോഗികൾക്ക് കൂടുതൽ സുരക്ഷയ്ക്കുള്ള വഴി കൂടിയാണ് ഇത്. എല്ലാം ഓൺലൈൻ ആകുന്നതോടെ രോഗികളുടെ സുരക്ഷയ്ക്ക് ഉപകരിക്കുമെന്ന് എൻ എച്ച് എസ് ഡിജിറ്റൽ മെഡിസിൻ ആൻഡ് എമർജൻസി തലവനായ ഡോക്ടർ ഇയാൻ ലോറി പറഞ്ഞു.