തന്റെ അനുഭവം മലയാള സിനിമയില്‍ ആര്‍ക്കും ഉണ്ടാകരുതെന്ന് നടന്‍ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച്  സംവിധായകനും സുഹൃത്തുമായ നാദിര്‍ഷക്കൊപ്പം പരാതി നല്‍കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ദിലീപ്.

പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ഇടപ്പള്ളി സ്വദേശി വിഷ്ണുവാണെന്ന് പരിചയപ്പെടുത്തിയാണ് കോള്‍ വന്നതെന്ന് നാദിര്‍ഷ പറഞ്ഞിരുന്നു. ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായിരുന്ന സമയത്താണ് പരാതി നല്‍കിയിരുന്നത്.

ദിലീപും നാദിര്‍ഷയും ഉള്‍പ്പെടെയുള്ളവര്‍ അമേരിക്കന്‍ പര്യടനത്തിന് പോകുന്നതിന് മുമ്പാണ് പരാതി നല്‍കിയിരുന്നത്. കേസിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായാണ് ദിലീപും നാദിര്‍ഷയും പരാതിയില്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദിലീപിന്റെ പേര് പറഞ്ഞാല്‍ രണ്ടരക്കോടി വരെ നല്‍കാന്‍ ആളുണ്ടെന്നും ഇയാള്‍ പറഞ്ഞതായി നാദിര്‍ഷ വെളിപ്പെടുത്തി. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ദിലീപ് പറയുന്നതിങ്ങനെ.

‘അവര്‍ ആരും എന്നെ നേരിട്ട് വിളിച്ചിട്ടില്ല. നാദിര്‍ഷയെ വിളിച്ചായിരുന്നു ഭീഷണി. നടിയെ ആക്രമിച്ച സംഭവത്തില്‍ എന്റെ പേര് പറയാതിരിക്കണമെങ്കില്‍ ഒന്നരക്കോടി രൂപ നല്‍കണമെന്നതായിരുന്നു ആവശ്യം. എല്ലാ വിവരങ്ങളും ഞാന്‍ പോലീസിന് കൈമാറിയിട്ടുണ്ട്. സത്യത്തിന്റെ മാര്‍ഗത്തില്‍ നില്‍ക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഇതിന്റെ പേരില്‍ ഒരുപാട് അനുഭവിച്ചു കഴിഞ്ഞു. ഇനി സിനിമയില്‍ ആര്‍ക്കും ഈ ഗതി വരരുത്. അയാള്‍ പറഞ്ഞ പേരുകളൊന്നും ഞാന്‍ തല്‍ക്കാലം പറയുന്നില്ല. പോലീസ് അന്വേഷിക്കട്ടെ. എനിക്കാരോടും ശത്രുതയില്ല. ആര്‍ക്കും ആരുടെ പേര് വേണമെങ്കിലും പറയാം. ഈ പ്രതിസന്ധികളെയെല്ലാം ഒറ്റയ്ക്കാണ് നേരിടുന്നത്. ആരോടും പരാതിയില്ല. സത്യം പുറത്തുവരട്ടെ’- ദിലീപ് പറഞ്ഞു.