ദിലീപ്–നാദിർഷ സൗഹൃദം, വേദിയിലും വെള്ളിത്തിരയിലും ജീവിതത്തിലും ഇരുവരും തമ്മിലുള്ള ആത്മബന്ധം വളരെ പ്രസിദ്ധമാണ്. ദിലീപിന്റെ ജീവിതത്തിലെ നല്ല സമയത്തും മേശം സമയത്തും ഒപ്പമുണ്ടായിരുന്നതും നാദിർഷയാണ്. ഇപ്പോഴിതാ പുതിയ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് ദീലീപ് മനസ് തുറന്നപ്പോഴാണ് നാദിർഷയെ കുറിച്ച് അധികമാർക്കും അറിയാത്ത ഒരുവിവരം അദ്ദേഹം പങ്കുവയ്ക്കുന്നത്.
കുട്ടിക്കാലത്ത് നാദിർഷയ്ക്ക് വിക്ക് ഉണ്ടായിരുന്നെന്നും സ്വപ്രയത്നത്തിലൂടെ അതു മാറ്റിയെടുത്ത് ഉയരങ്ങളിലെത്തിെയന്നും ദിലീപ് പറഞ്ഞു. പുതിയ ചിത്രം കോടതി സമക്ഷം ബാലൻ വക്കീലിന്റെ പ്രമോഷൻ പരിപാടിയിലായിരുന്നു ദിലീപ് ഇക്കാര്യം പറഞ്ഞത്. ഈ ചിത്രത്തില്‍ ദിലീപ് വിക്കനായാണ് അഭിനയിക്കുന്നത്. ബാലൻ വക്കീലിെന അഭിനയിച്ചു ഫലിപ്പിക്കാൻ ദിലീപിനു പ്രചോദനമായതും നാദിർഷയാണ്. വിക്ക് ഉണ്ടായിരുന്ന സമയത്തെ നാദിർഷയുടെ ചില മാനറിസങ്ങളാണ് ദിലീപ് ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.
‘വേറിട്ട വേഷങ്ങളെല്ലാം പരീക്ഷണങ്ങളാണ്. നമ്മുടെ കൺമുന്നിൽ കാണുന്ന ആളുകളെ നിരീക്ഷിക്കുമ്പോള്‍ പല കാര്യങ്ങളും എനിക്കു ലഭിക്കാറുണ്ട്. സാധാരണ കഥാപാത്രങ്ങളെ സ്ഥിരമായി ചെയ്യുമ്പോൾ ഒരു മടുപ്പ് തോന്നും. ജീവിതത്തോട് അടുത്തു നിൽക്കുന്ന വേഷങ്ങളാണ് കൂടുതൽ സംതൃപ്തി തരുന്നത്. മാത്രമല്ല ഇത്തരം വ്യത്യസ്ത പുലർത്തുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അതു മറ്റുള്ളവർക്കു പ്രചോദനമാകാനും ഞാൻ ശ്രമിക്കാറുണ്ട്.
ബാലൻ വക്കീൽ വിക്കുളളയാളാണ്. എന്നാൽ അത് ആ കഥാപാത്രത്തെ പരിഹസിക്കുന്ന രീതിയിലല്ല ഉപയോഗിച്ചിരിക്കുന്നത്. ഈ സിനിമ കാണുമ്പോൾ മനസ്സിലാകും അയാൾക്ക് അതൊരു കഴിവുകേടല്ലെന്ന്. അങ്ങനെ ജീവിതത്തിൽ വലിയ നേട്ടം സ്വന്തമാക്കിയ ഒരാളുണ്ട്. എല്ലാവർക്കും അറിയാമോ എന്ന് അറിയില്ല, പേരുപറഞ്ഞാൽ മനസ്സിലാകും- നാദിർഷ.
എട്ടാം ക്ലാസ്സുവരെ നന്നായി വിക്ക് ഉണ്ടായിരുന്ന ആളാണ് നാദിർഷ. എന്നാൽ പാട്ടു പാടുമ്പോൾ അദ്ദേഹത്തിന് വിക്ക് അനുഭവപ്പെട്ടിരുന്നില്ല. ഞാൻ പരിചയപ്പെടുന്ന സമയത്തും കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വിക്ക് അനുഭവപ്പെടുകയാണെങ്കില്‍ കൈ ഞൊടിച്ചാണ് അദ്ദേഹം അതിനെ മറികടന്നിരുന്നത്. ആദ്യം ഈ കൈ ഞൊടിയുടെ കാര്യം എനിക്കു മനസ്സിലായില്ലായിരുന്നു. ഇവൻ എന്തിനാണ് ഇടയ്ക്കിടെ കൈ ഞൊടിക്കുന്നതെന്നായിരുന്നു എന്റെ ചിന്ത. പിന്നെ എനിക്ക് അതു മനസ്സിലായി. പക്ഷേ നിങ്ങൾ നോക്കൂ, ആ നാദിർഷയ്ക്ക് ഇപ്പോൾ വിക്ക് ഇല്ല. അവൻ അത് ഒരുപാടു പരിശ്രമിച്ചു മാറ്റിയെടുത്തു. അവൻ ഇപ്പോൾ എവിടെയെത്തി. സംവിധാനം പഠിക്കാൻ പോയത് ഞാനാണെങ്കിലും സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത് അവനാണ്. കേരളത്തിലെ എടുത്ത് പറയേണ്ട പാട്ടുകാരൻ, അതും ബഹളമുള്ള പാട്ടുകളുടെ പാട്ടുകാരൻ.’–ദിലീപ് പറഞ്ഞു.
Leave a Reply