നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലാപ്പോള്‍ കുറ്റാരോപിതന്‍ സുനി ദിലീപിന് ശബ്ദ സന്ദേശം അയച്ചതായി റിപ്പോര്‍ട്ട്. പൊലീസ് കസ്റ്റഡിയിലിരിക്കെ സുനി ദിലീപിനെ വിളിച്ചതിന് തെളിവുണ്ടെന്നാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ജയിലിലായിട്ട് 50 ദിവസമായിട്ടും ഹൈക്കോടതി രണ്ടാം വട്ടവും ജാമ്യം നിഷേധിച്ചതിന് കാരണവും ഈ തെളിവുകളുടെ ബലമാണ്. ‘ദിലീപേട്ടാ കുടുങ്ങി’ എന്ന ശബ്ദസന്ദേശം ഫോണ്‍ വഴി ദിലീപിന് അയച്ചുവെന്നതാണ് ഒരു തെളിവ്. ഒരു പൊലീസുകാരനാണ് ഇക്കാര്യം അന്വേഷണസംഘത്തോട് പറഞ്ഞത്. പൊലീസുകാരന്‍ കേസില്‍ പ്രതിയായേക്കും. ദിലീപിനെയും കാവ്യാ മാധവനെയും ബന്ധപ്പെടാന്‍ പള്‍സര്‍ സുനി ശ്രമിച്ചിരുന്നു. ഈ പൊലീസുകാരന്‍ തന്നെയാണ് ദിലീപിനെ വിളിക്കാന്‍ സുനിയെ സഹായിച്ചത്. ആലുവ പൊലീസ് ക്ലബില്‍ വെച്ചായിരുന്നു സംഭവം.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി . ദിലീപിന്റെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കാം. ജാമ്യം നിഷേധിച്ചിരിക്കുന്നു എന്ന ഒറ്റവാക്ക് മാത്രമാണ് കോടതി കേസ് വിളിച്ച സമയത്ത് പറഞ്ഞത്. കോടതി വിധിയുടെ പകര്‍പ്പ് പുറത്തുവരാന്‍ ഇരിക്കുന്നതേയുള്ളു. എട്ട് പേജുള്ളതാണ് കോടതിയുടെ ഉത്തരവ്.
ദിലീപിനെതിരായ കുറ്റങ്ങള്‍ പ്രാഥമികമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കുന്നുണ്ടെന്ന് വിധിയില്‍ പറയുന്നുണ്ട്. ദിലീപ് പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഈ കേസിലെ പ്രധാന സാക്ഷികള്‍ എല്ലാം തന്നെ ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരാണ്. ദിലീപാകട്ടെ ഈ മേഖലയില്‍ വലിയ സ്വാധിനമുള്ളയാളാണ്. അതുകൊണ്ട് തന്നെ ജാമ്യം നല്‍കിയാല്‍ സ്വാഭാവികമായും സാക്ഷികളെ സ്വാധീനിച്ചേക്കാം. അതുകൊണ്ട് യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു. 12,13 പ്രതികളാണ് ഇവ നശിപ്പിച്ചത്. അന്വേഷണവുമായി കേസിലെ മറ്റൊരു പ്രതിയായ അപ്പുണ്ണി സഹകരിക്കുന്നില്ല. മാത്രമല്ല അന്വേഷണം കാര്യമായി പുരോഗമിക്കുകയാണ്. അതിനാല്‍ ജാമ്യം നല്‍കേണ്ട യാതൊരു കാരണവും നിലവിലില്ല എ ന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കോടതി അംഗീകരിച്ചു.
മാത്രമല്ല കൂടുതല്‍ പ്രതികള്‍ ഈ കേസില്‍ ഉണ്ടായേക്കാം. അങ്ങനെയെങ്കില്‍ അതുകൂടി കേസിനെ ബാധിച്ചേക്കാം. തുടങ്ങിയ കാര്യങ്ങളും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം അംഗീകരിച്ചാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. ഇനി ജാമ്യത്തിന് ഹൈക്കോടതിയില്‍ വീണ്ടും ശ്രമിച്ചാല്‍ ഇതേ ജഡ്ജി തന്നെയാകും വാദം കേള്‍ക്കുക. അല്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുകയാണ് ദിലീപിനുമുന്നിലുള്ള വഴി. കുറ്റപത്രം നല്‍കുന്നതിന് മുമ്പായി ജാമ്യം ലഭിക്കുന്നതിന് ഈ രണ്ട് വഴികളാണ് ദിലീപിന് മുന്നിലുള്ളത്.
Leave a Reply