ന്യൂസ് ബ്യൂറോ എറണാകുളം
കേരളം വീണ്ടും ജനപ്രിയ നായകനിലേയ്ക്ക്. നടിയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണ ഈ മാസം പതിനാലിന് തുടങ്ങും. ജനപ്രിയ നായകന്‍ ഉള്‍പ്പെടെ എല്ലാ പ്രതികളും കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് കോടതി സമന്‍സ് ആയച്ചു. എറണാകുളം പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നാണ് കേസ് വിചാരണക്കായി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റിയത്.

2017 ഫെബ്രുവരി പതിനേഴിനാണ് കേസിനാധാരമായ സംഭവം നടന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് കൊച്ചിയിലേയ്ക്ക് മടങ്ങി വരികയായിരുന്ന നടിയുടെ ഓടുന്ന വാഹനത്തില്‍ കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നടിയെ ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമാണ് ചെയ്തത്. പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി പോലീസ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പുനരന്വേഷണത്തില്‍ ഗൂഡാലോചനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പോലീസ് വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ പ്രതികള്‍ക്കെതിരെ കൂട്ട ബലാല്‍സംഗം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവ ഉള്‍പ്പെട്ട ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, സുഹൃത്ത് നാദിര്‍ഷ, മുന്‍ ഭാര്യയും നടിയുമായ മഞ്ചു വാര്യര്‍ ഉള്‍പ്പെടെ 355 സാക്ഷികളാണ് കേസിനുള്ളത്.

കേസിനാധാരമായ 413 രേഖകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കൂടാതെ കുറ്റപത്രത്തിനോടൊപ്പമുള്ള 33 പേരുടെ രഹസ്യമൊഴിയും സമര്‍പ്പിച്ചിട്ടുണ്ട്.