നടിയെ തട്ടിക്കൊണ്ടുപോയി ആക്രമണത്തിന് ഇരയാക്കിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന് കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്. ദിലീപിന് എതിരെ ഗുരുതര വകുപ്പ് കൂടി ഉൾപ്പെടുത്തി.
അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചനാ കേസിൽ നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു പോലീസിന്റെ നടപടി.
അതേസമയം, ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. അവധിദിവസമായ നാളെ പ്രത്യേകമായി പരിഗണിക്കും.
നേരത്തെ, ദിലീപിന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ എതിർത്തു സർക്കാർ കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ദിലീപിന് എതിരായ ആരോപണങ്ങൾ ഗൗരവമുള്ളതായതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതെന്നും ബലാത്സംഗം ചെയ്യൻ ക്വട്ടേഷൻ നൽകിയത് രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമാണെന്നും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
Leave a Reply