രാഷ്ട്രീയ കരുനീക്കങ്ങൾക്കൊടുവിൽ തമിഴ്നാട്ടിൽ ഭരണം പിടിച്ച വി.കെ.ശശികലയെ തള്ളാനൊരുങ്ങി എ.ഐ.എ.ഡി.എം.കെ. വീണ്ടും തിരക്കിട്ട രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായി ചെന്നൈ മാറി. ടിടിവി ദിനകരനെ പാർട്ടിയിൽ നിന്നും പുറത്താക്കാനും ഒ.പനീർശെൽവം വിഭാഗത്തെ പാർട്ടിയിലേക്ക് തിരികെയെത്തിക്കാനുമുള്ള ചർച്ചകളാണ് തമിഴ്നാട്ടിൽ നടക്കുന്നത്. ഇതിനായി ഐഎൻഎസ് ചെന്നൈ കപ്പലിൽ ഉൾക്കടലിൽ 122 എഐഎഡിഎംകെ എംഎൽഎമാരുടെ പ്രത്യേക യോഗം നടക്കുകയാണ്.

ശശികലയുടെ മരുമകനും പാർടിയുടെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ടി.ടി.വി.ദിനകരൻ, തിരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസിൽ അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെയാണ് പുതിയ നീക്കങ്ങൾ നടന്നത്. പാർട്ടി ചിഹ്നമായ രണ്ടില ലഭിക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് പണം വാഗ്ദാനം ചെയ്തതിന് ഇന്നലെയാണ് ഡൽഹി പൊലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്.

“//vidshare.jansatta.com/players/3jgGBEK8-gkfBj45V.html”

തമിഴ്നാട്ടിൽ പാർട്ടിയുടെ നിലനിൽപ്പും സർക്കാരിന്റെ മുന്നോട്ട് പോക്കും സുരക്ഷിതമാക്കുന്നതിന്, ഒ.പനീർശെൽവത്തിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗവുമായി ചർച്ച നടത്തുന്നുണ്ടെന്ന് ശശികല പക്ഷത്തെ നേതാക്കൾ അറിയിച്ചു. ദിനകരനെയും ശശികലയെയും കുടുംബത്തെയും പുറത്താക്കി ഇപ്പോഴത്തെ സ്ഥിതിയിൽ നിന്ന് പാർട്ടിയെ രക്ഷിക്കാനാണ് നേതാക്കളുടെ ശ്രമം. അതേസമയം ശശികല കുടുംബത്തിലേക്ക് അധികാരം കേന്ദ്രീകരിക്കാതിരിക്കാനുള്ള ചരട് വലികളാണ് ഇതിന് പിന്നിൽ.

അതേസമയം ബെംഗളൂരു ജയിലിൽ തടവിൽ കഴിയുന്ന വി.കെ.ശശികലയെ സന്ദർശിച്ച ശേഷം ടിടിവി ദിനകരൻ ചൊവ്വാഴ്ച അറസ്റ്റ് വരിച്ചേക്കുമെന്ന് ഒരു മുതിർന്ന നേതാവ് ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. “ഡൽഹി പൊലീസിൽ നിന്നുള്ള ഒരു സംഘം ഇന്ന് അദ്ദേഹത്തെ കാണുന്നുണ്ട്. അവർ ദിനകരനെ ഡൽഹിയിലേക്ക് കൊണ്ടുപോയേക്കും. ദിനകരൻ അറസ്റ്റിലാവുകയാണെങ്കിൽ രണ്ട് എഐഎഡിഎംകെ പക്ഷവും തമ്മിൽ ലയിക്കും. പാർട്ടിയിലെ ഉന്നത സ്ഥാനത്തിന് പുറമേ ഒ.പനീർശെൽവത്തിന് ധനകാര്യ മന്ത്രിസ്ഥാനവും നൽകും” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പാർടി അദ്ധ്യക്ഷൻ ഇ.പളനിസ്വാമി ഇന്ന് ചെന്നൈയിൽ എല്ലാ പാർട്ടി എംഎൽഎ മാരുമായും ചർച്ച നടത്തും. എന്നാൽ ശശികല പക്ഷത്ത് ഇപ്പോൾ വിള്ളൽ വീണിട്ടുണ്ടെന്നാണ് വിവരം. മൂന്ന് എംഎൽഎ മാർ മന്ത്രി ഉദുമലൈ കെ.രാധാകൃഷ്ണന്റെ വസതിയിൽ യോഗം ചേർന്നതായി വിവരമുണ്ട്.

കൈക്കൂലി വാഗ്ദാന കേസിൽ പിടിയിലായ സുകേഷ് ചന്ദ്രശേഖറും താനും തമ്മിൽ ബന്ധമുണ്ടെന്ന വാർത്തകളെ ദിനകരൻ തള്ളി. “ഞാൻ ആർക്കും കൈക്കൂലി നൽകിയിട്ടില്ല. നിയമപരമായി നേരിടും”​അദ്ദേഹം പറഞ്ഞു