താൻ കാരണമാണ് 2013ൽ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായതെന്ന മലയാളി താരം ശ്രീശാന്തിന്റെ ആരോപണത്തിൽ പ്രതികരണവുമായി തമിഴ്നാട് താരം ദിനേഷ് കാർത്തിക്. ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കുന്നത് പോലും ബാലിശമാണെന്നായിരുന്നു കാർത്തിക്കിന്റെ പ്രതികരണം. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കാർത്തിക് പ്രതികരിച്ചത്.

‘ശ്രീശാന്ത് എനിക്കെതിരെ നടത്തിയ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇന്ത്യൻ ടീമിൽനിന്ന് അദ്ദേഹം പുറത്താകാൻ കാരണം ഞാനാണെന്നാണ് ആരോപണം. ഇത്തരം ആരോപണങ്ങളോടു പ്രതികരിക്കുന്നതുപോലും ബാലിശമാണ്’ – കാർത്തിക് പറഞ്ഞു.

ശ്രീശാന്തിന്റെ ആരോപണം

2013ലെ സുബ്ബയ്യ പിള്ള ട്രോഫിക്കിടെ ഞാനും കാർത്തിക്കും തമ്മിൽ ഇടഞ്ഞിരുന്നു. ഇതിനു പിന്നാലെ എനിക്കെതിരെ കാർത്തിക് പരാതി നൽകി. ആ വർഷത്തെ ചാംപ്യൻസ് ട്രോഫി ടീം പ്രഖ്യാപിച്ചപ്പോൾ എനിക്ക് ഇടവും ലഭിച്ചില്ല. ഞാൻ എൻ.ശ്രീനിവാസനെ (ചെന്നൈ സൂപ്പർ കിങ്സ് ഉടമ) അപമാനിച്ചെന്നായിരുന്നു കാർത്തിക്കിന്റെ പരാതി. സത്യത്തിൽ ശ്രീ ശ്രീ രവിശങ്കറിന്റെ ചില വിദ്യകൾ കാർത്തിക് പരീക്ഷിക്കുകയായിരുന്നു. അന്നത്തെ മൽസരത്തിൽ ഓരോ പന്തു നേരിടും മുൻപും കാർത്തിക് ശ്വാസോച്ഛ്വാസത്തിനും മറ്റുമായി ഏറെ സമയം ചെലവഴിച്ചിരുന്നു. ഇത് പലതവണ ആവർത്തിച്ചപ്പോൾ ഞാൻ പറഞ്ഞു; ‘മച്ചാൻ, നിങ്ങൾ തമിഴ്നാട്ടിലായത് ഭാഗ്യം’. അപ്പോൾ ‘ശ്…’ എന്ന് കാർത്തിക് നിശബ്ദനാകാൻ എന്നോട് ആവശ്യപ്പെട്ടു. ‘എന്ത്, പന്തു നേരിടാൻ തയാറാകൂ’ എന്നായിരുന്നു എന്റെ മറുപടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്ത പന്തിനുശേഷവും കാർത്തിക് ഇതുതന്നെ ആവർത്തിച്ചു. ഓരോ പന്തിനുശേഷവും ഇത്രയേറെ സമയം വെറുതെ കളഞ്ഞിട്ടും അംപയർമാർ ഇടപെട്ടില്ല. ഇതോടെ ഞാൻ വീണ്ടും പറഞ്ഞു; ‘നിങ്ങളെ ശ്രീനിവാസൻ സാർ പിന്തുണയ്ക്കുന്നുണ്ടാകാം. അതുകൊണ്ടാണല്ലോ ഇങ്ങനെയൊക്കെ ചെയ്യുന്നത്’. സത്യത്തിൽ സച്ചിൻ ബേബി (അന്നത്തെ കേരളാ ക്യാപ്റ്റൻ) കുറഞ്ഞ ഓവർ നിരക്കിനു ശിക്ഷിക്കപ്പെടാൻ പോലും കാർത്തിക്കിന്റെ പെരുമാറ്റം കാരണമാകുമായിരുന്നു. അന്ന് ഞാൻ ഒടുവിൽ ലെഗ്‌–സ്പിൻ എറിഞ്ഞാണ് കാർത്തിക്കിനെ പുറത്താക്കിയത്. പുറത്തായി മടങ്ങുമ്പോൾ അടുത്തുടെന്ന് ഞാൻ പറഞ്ഞു; ‘ശ്വാസമെടുത്ത് ശ്വാസമെടുത്ത് തിരിച്ചുപോകൂ’. ആ മൽസരം ഞങ്ങൾ ജയിക്കുകയും ചെയ്തു.

സത്യത്തിൽ എന്തിനാണ് ഞാൻ ശ്രീനിവാസൻ സാറിനെ അപമാനിക്കുന്നത്. ഗുരുവായൂരപ്പന്റെ ഭക്തരെന്ന നിലയിൽ ഞങ്ങൾ തമ്മിൽ വർഷങ്ങളായി അടുത്ത ബന്ധമുണ്ട്. 2009ൽ ഞാൻ കളത്തിലേക്കു തിരിച്ചുവരുന്ന അവസരത്തിൽ ഇന്ത്യൻ താരങ്ങൾക്ക് കൗണ്ടിയിൽ കളിക്കാൻ അനുവാദമുണ്ടായിരുന്നില്ല. അന്ന് എന്നെ കൗണ്ടി കളിക്കാൻ അനുവദിച്ച വ്യക്തിയാണ് അദ്ദേഹം. എന്തിന് അദ്ദേഹത്തെ ഞാൻ ചീത്ത വിളിക്കണം?

അന്നു വൈകിട്ടാണ് ചാംപ്യൻസ് ട്രോഫിക്കുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചത്. എനിക്ക് ടീമിൽ ഇടം കിട്ടിയില്ല. അതിന്റെ ഒരേയൊരു കാരണം കാർത്തിക്ക് എനിക്കെതിരെ നൽകിയ പരാതിയായിരുന്നു. കാർത്തിക്, ഈ വാർത്ത നിങ്ങൾ വായിക്കുന്നുണ്ടെങ്കിൽ ഒരു കാര്യം ഓർമിക്കുക. എന്നോടും എന്റെ കുടുംബത്തോടും നിങ്ങൾ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്. അടുത്ത വർഷവും കേരളം തമിഴ്നാടിനെതിരെ കളിക്കും. അന്ന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണുക. ദൈവം അനുഗ്രഹിക്കട്ടെ.