നടിയെ ആക്രമിച്ച കേസിൽ വിചാരണ നേരിടുന്ന ദിലീപിനെ പിന്തുണച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഒരു തെളിവുമില്ലാതെ മറ്റൊരാളെ അപകീർത്തിപ്പെടുത്തുന്നതിന് എതിരാണ് താനെന്നാണ് അടൂർ ഗോപാലകൃഷ്ണന്റെ പക്ഷം. ദിലീപ് നിരപരാധിയാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പക’ എന്ന ചിത്രം തനിക്ക് ഇഷ്ടമായെന്ന് പറഞ്ഞ അടൂർ ഡോൺ പാലത്തറയുടെ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്ന ചിത്രത്തേയും പ്രശംസിച്ചു.

മോഹൻലാലിന്റെ ‘നല്ല റൗഡി’ പ്രതിച്ഛായ തനിക്ക് പ്രശ്നമായിരുന്നുവെന്ന് താരത്തെ എന്തുകൊണ്ട് ഇതുവരെ സിനിമയിലേയ്ക്ക് കാസ്റ്റ് ചെയ്തില്ലെന്ന ചോദ്യത്തിന് മറുപടിയായി അടൂർ പറഞ്ഞു. തന്റെ ഇഷ്ട നടൻ പി.കെ നായരും നടി കാവ്യാ മാധവനാണെന്നും അടൂർ പറഞ്ഞു. ‘പിന്നെയും’ എന്ന ചിത്രത്തിലെ കാവ്യയുടെ അഭിനയം കണ്ട് അത്ഭുതപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടൂർ ഗോപാലകൃഷ്ണൻ പറയുന്നത്;

ഒരു തെളിവുമില്ലാതെ മറ്റൊരാളെ അപകീർത്തിപ്പെടുത്തുന്നതിന് ഞാൻ എതിരാണ്. ദിലീപ് നിരപരാധിയാണെന്നാണ് എന്റെ വിശ്വാസം. ഒരു തെളിവും ഇല്ലാതെ ഒരാളെ മുദ്രകുത്തുന്നതിനോട് ഞാൻ എതിരാണ്. ഒരു ഉദാഹരണം ഞാൻ നൽകാം.

ഐ.എസ്.ആർ.ഒ ചാരക്കേസിനിടെ കെ. കരുണാകരൻ അപമാനിക്കപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിഞ്ഞു. ഇതുപോലെയാണ് കോട്ടയം കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹന്റെ ഭാര്യയ്ക്ക് എതിരെ ഉയരുന്ന അടിസ്ഥാനരഹിതമായ കഥകൾ. ഞാൻ എപ്പോഴും കഴിവുള്ളവരെ അംഗീകരിക്കും.