ഒരു ലാപ്ടോപ് പോലും സ്വന്തമായിട്ടില്ലാത്ത വ്യക്തിയാണ് താനെന്ന് സംവിധായകൻ പ്രിയദർശൻ. കാരണം സിനിമയിലെ ടെക്നോളജിയോട് മാത്രമേ തനിക്ക് താത്പര്യമുള്ളൂവെന്നും, സിനിമയ്ക്ക് പുറത്തെ ടെക്നോളജി ലോകം തന്നെ ആകർഷിക്കാറില്ലെന്നും അദ്ദേഹം ഒരു എഫ് എം ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

പ്രിയദർശന്റെ വാക്കുകൾ

“സിനിമയിൽ നിന്ന് ലഭിച്ച പണം കൊണ്ട് ഞാൻ റബ്ബർ എസ്റ്റേറ്റ് ഒന്നും വാങ്ങി കൂട്ടിയിട്ടില്ല. ഞാൻ സിനിമയിൽ നിന്ന് ലഭിക്കുന്ന പണം സ്റ്റുഡിയോസിനും, ക്യാമറയ്ക്കുമൊക്കെ വേണ്ടിയാണ് വിനിയോഗിക്കുന്നത്. അതിന് രണ്ട് ഗുണമുണ്ട്. എനിക്ക് അതിനെക്കുറിച്ച് പഠിക്കാൻ പറ്റും. രണ്ടാമത്തെ കാര്യം, അതൊരു പാഷനാണ്. അപ്ഡേറ്റ് ചെയ്യുക എന്നതൊരു പാഷനാണ്. അല്ലാതെ മനപൂർവ്വമായിട്ട് അപ്ഡേറ്റ് ചെയ്യുകയല്ല ഞാൻ. എൻ്റെ കയ്യിൽ സ്വന്തമായി ഒരു ലാപ്ടോപ് പോലുമില്ല. അത് കൊണ്ട് നടക്കുകയും അതിൽ മെയിൽ അയയ്ക്കുകയും അതിലൊന്നും താത്പര്യമില്ല. പക്ഷേ സിനിമയ്ക്ക് അകത്തെ ടെക്നോളജി എനിക്ക് ആവശ്യമാണ്. അതിന് പുറത്തെ ടെക്നോളജി ആകർഷിക്കാറില്ല. .