അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കൊച്ചി രവിപുരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സച്ചിക്ക് അന്ത്യയാത്ര നല്‍കാന്‍ എത്തി.
സംസ്‌കാരത്തിന് മുമ്പ് തമ്മനത്തെ സച്ചിയുടെ വീട്ടില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചിരുന്നു. നടന്മാരായ പൃഥ്വിരാജ്, ബിജുമേനോന്‍, സുരാജ് വെഞ്ഞാറുമൂട്, സുരേഷ് കൃഷ്ണ, മുകേഷ്, ലാല്‍, സംവിധായകന്‍ രഞ്ജിത്ത് തുടങ്ങി നിരവധിപ്പേര്‍ പ്രിയ സുഹൃത്തിനെ അവസാനമായി കാണാന്‍ എത്തിയിരുന്നു.
കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ചേംബര്‍ ഹാളിലും പൊതു ദര്‍ശനത്തിന് വെച്ചിരുന്നു. അഭിഭാഷക സുഹൃത്തുക്കളും സച്ചിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. അഭിഭാഷകവൃത്തി ഉപേക്ഷിച്ചായിരുന്നു സച്ചി സിനിമയില്‍ ഇടം കണ്ടെത്തിയത്. എറണാകുളം ലോ കോളജിലെ അഭിഭാഷകപഠനത്തിനുശേഷം ഹൈക്കോടതിയില്‍ എട്ടുവര്‍ഷത്തോളം ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. തുടര്‍ന്ന് സിനിമാ രംഗത്ത് സജീവമാവുകയായിരുന്നു.
വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സച്ചി അന്തരിച്ചത്. 48 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തൃശൂരില്‍ ചികില്‍സയിലിരിക്കെയായിരുന്നു സച്ചിയുടെ മരണം.ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ആണ് സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അവസാന സിനിമ. അനാര്‍ക്കലിയാണ് ആദ്യം സംവിധാനം ചെയ്ത സിനിമ.
2007ല്‍ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്തയാളാണ് സച്ചി. 2012ല്‍ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെ ഒറ്റക്ക് തിരക്കഥ എഴുതാന്‍ ആരംഭിച്ചു.ഡ്രൈവിങ് ലൈസന്‍സ്, രാമലീല, സീനിയേഴ്‌സ് തുടങ്ങി 12 സിനിമകള്‍ക്ക് തിരക്കഥയെഴുതി. ‘ചേട്ടായീസ്’ നിര്‍മിച്ചു. കൊടുങ്ങല്ലൂരാണ് സച്ചിയുടെ സ്വദേശം.
Leave a Reply