ഒരുതവണ പരിചയപ്പെട്ടവർ മുതൽ സുഹൃത്തുക്കൾക്കു വരെ നിറചിരിയോടെയുളള ഓർമ്മകൾ നൽകിയ ഷീബ ശ്യാമപ്രസാദ് പ്രിയപ്പെട്ടവർക്ക് നൊമ്പരം ബാക്കിവച്ചാണ് വിടപറയുന്നത്. റിസർവ് ബാങ്ക് ഉദ്യോഗസ്ഥനും പി.ഭാസ്‌ക്കരന്റെ അടുത്ത സുഹൃത്തുമായിരുന്ന പിതാവ് വിജയന്റെയും സഹോദരിയുടെയും നിർബന്ധത്തിന് വഴങ്ങിയാണ് ഷീബ ദൂരദർശനിലെ അനൗൺസർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നത്. വിജയന്റെ ജോലിയുടെ ഭാഗമായാണ് കുടുംബം എറണാകുളം ചേന്ദമംഗലത്തെ കൂട്ടുകാട് ഗ്രാമത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്.നിർമ്മലാഭവൻ സ്‌കൂളിലും ആൾ സെയിന്റ്‌സ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം.

ഡിഗ്രി കഴിഞ്ഞ് ചുറുചുറുക്കോടെയുളള ഷീബയുടെ ഓഡിഷനിലേക്കുളള വരവ് ഇന്നും മനസിലുണ്ടെന്ന് ഓഡിഷൻ പാനലിലുണ്ടായിരുന്ന ദൂരദർശനിലെ അന്നത്തെ പ്രൊഡ്യൂസർ ബൈജു ചന്ദ്രൻ ഓർക്കുന്നു. മനോഹരമായി ചിരിക്കുന്ന ഏറെ വിനയമുളള കുട്ടിയായിരുന്നു ഷീബ. അവതാരകയായിരിക്കെത്തന്നെ ജോലി കാര്യങ്ങളിൽ ഞങ്ങളെ സഹായിക്കുന്നതിനായി രാവിലെ മുതൽ വൈകിട്ട് വരെ ദൂരദർശനിൽ കൂടി.ശ്യാമിന്റെ വിവാഹ ആലോചനയുമായി ഷീബയുടെ വീട്ടിൽ പോയത് ഞങ്ങൾ സുഹൃത്തുക്കളായിരുന്നു.ശ്യാമിന്റെ സിനിമകളിൽ ഷീബയുടെ അദൃശ്യ സാന്നിദ്ധ്യമുണ്ടായിരുന്നു.രണ്ട് വർഷമായി സിനിമയിൽ നിന്നുളള ഒരു ഓഫറും ഏറ്റെടുക്കാതെയാണ് ഷീബയുടെ അരികിലിരുന്ന് ശ്യാമപ്രസാദ് ശുശ്രൂഷിച്ചതെന്നും ബൈജു ചന്ദ്രൻ പറഞ്ഞു.

ഷീബയുടെ മരണം സംഭവിച്ചത്. ജീവിതത്തിലേക്ക് തിരിച്ചു വരണമെന്നുള്ള പ്രാര്‍ത്ഥനകളും ചികിത്സകളുമെല്ലാം വൃഥാവിലാക്കിയാണ് ഷീബ വിട വാങ്ങിയത്.ഷീബയുടെ മരണത്തോടെ തങ്ങളുടെ രണ്ടു മക്കളെയും നെഞ്ചോടു ചേര്‍ത്ത് അവരെ ആശ്വസിപ്പിക്കുവാന്‍ കഴിയാതെ വിതുമ്പുകയാണ് ശ്യാമപ്രസാദ്. പരസ്യ സംവിധായകനും നിര്‍മ്മാതാവുമായ മകന്‍ വിഷ്ണുവും വിദ്യാര്‍ത്ഥിനിയായ മകള്‍ ശിവകാമിയും അമ്മ തണല്‍ നഷ്ടമായതിന്റെ വേദനയിലാണ്. മക്കളുടെ വിവാഹവും ജീവിതവും എല്ലാം കാണാന്‍ ഏറെ കൊതിച്ചിരുന്നു ഷീബ. ആ സ്വപ്നങ്ങളെല്ലാം ശ്യാമിനോട് പങ്കുവച്ച് ദിവസങ്ങളെണ്ണി കഴിയവേയാണ് മരണം വിളിച്ചത്.

ശ്യാമപ്രസാദിന്റെ ഭാര്യ എന്നതിനപ്പുറം സ്വന്തം കരിയര്‍ പടുത്തുയര്‍ത്തിയ വ്യക്തിയായിരുന്നു ഷീബ. എസ്ബിഐ ബാങ്ക് ഉദ്യോഗസ്ഥയും ചാനലുകളിലെ പ്രോഗ്രാം പ്രൊഡ്യൂസറും നര്‍ത്തകിയും അവതാരകയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും എല്ലാം ആയിരുന്നു. ഒരു സര്‍വ്വകലാ പ്രതിഭയെന്നു തന്നെ പറയാം. പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു ശ്യാമപ്രസാദും ഷീബയും. ഇരുവരും തമ്മില്‍ പരിചയപ്പെടുമ്പോള്‍ ദൂരദര്‍ശനിലെ അനൗണ്‍സറായി ജോലി ചെയ്യുകയായിരുന്നു ഷീബ. ഇന്ന് ടെലിഫിലിമുകളും മരണം ദുര്‍ബലം എന്ന സീരിയലും ചെയ്യുകയായിരുന്നു ശ്യാമ പ്രസാദ്. അവിടെ നിന്നുമാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയം മൊട്ടിടുന്നതും. ശ്യാമിന്റെ അകലെ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഭാര്യയ്ക്ക് ശബ്ദം കൊടുത്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും തിളങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്വന്തം കരിയറിനും തിരക്കുകള്‍ക്കും നടുവില്‍ ശ്യാമപ്രസാദിന്റെ എല്ലാമെല്ലാമായി മക്കളുടെ പ്രിയപ്പെട്ട അമ്മയായി ഷീബ നിറഞ്ഞു നിന്നിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ക്ലാസ്സിക്കല്‍ ഡാന്‍സ് പഠിച്ചിരുന്നു ഷീബ. എന്നാല്‍ പിന്നീട് അതൊക്കെ പരിശീലിക്കുവാന്‍ സമയം കണ്ടെത്താന്‍ കഴിയാതെ വന്നു. പിന്നീട് ശ്യാമുമായുള്ള വിവാഹശേഷമാണ് ഇരുവരുടെയും കരിയര്‍ തന്നെ മാറിമറിയുന്നത്. ഷീബ ശ്യാമിന്റെ ജീവിതത്തിലേക്ക് വന്ന ശേഷമാണ് അഗ്നിസാക്ഷി എന്ന സിനിമ ചെയ്യുന്നത്. അഗ്നിസാക്ഷിക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ ശ്യാമിനേക്കാള്‍ അധികം സന്തോഷിച്ചതും ഷീബയായിരുന്നു.

മകന്‍ വിഷ്ണു ജനിച്ച് ഒമ്പതു വര്‍ഷം കഴിഞ്ഞാണ് മകള്‍ ജനിച്ചത്. അതുകൊണ്ടു തന്നെ ആ ഒരു കൊഞ്ചലും ലാളനയുമെല്ലാം നല്‍കിയാണ് ഷീബയും ശ്യാമും മകളെ വളര്‍ത്തിയത്. കേന്ദ്രീയ വിദ്യാലയത്തില്‍ പഠിച്ച മക്കള്‍ ഇരുവരെയും അവരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള പഠനവും പ്രൊഫഷനും എല്ലാം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയാണ് മക്കളെ വളര്‍ത്തിയതും. മക്കളൊക്കെ വലുതായപ്പോഴാണ് വലിയൊരു ഗ്യാപ്പിന് ശേഷം 2011ല്‍ ഷീബ വീണ്ടും ഡാന്‍സ് പഠിക്കാന്‍ തുടങ്ങി. ഇനിയും പഠിക്കണമെന്ന ആഗ്രഹമായാിരുന്നു ഉണ്ടായിരുന്നത്. ഗൃഹനായിക എന്ന പരിപാടിയില്‍ ഡാന്‍സ് അവതരിപ്പിച്ച ഷീബ ഏറെ പ്രശംസയും നേടിയിരുന്നു.

കലാമണ്ഡലം വിമലാമേനോനായിരുന്നു ക്ലാസിക്കൽ ഡാൻസിലെ ഗുരു. പത്താം ക്ലാസിൽ നിറുത്തിയ നൃത്തപഠനം മനസിൽ വിങ്ങലായപ്പോൾ 2011ൽ വീണ്ടും ചിലങ്കയണിഞ്ഞു. ഗിരിജാചന്ദ്രന്റെ നേതൃത്വത്തിൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയ ഷീബ വിവിധ വേദികളിൽ നർത്തകിയായി. തിരുവനന്തപുരം ശ്രീകണ്‌‌ഠേശ്വരം ക്ഷേത്രത്തിൽ ഉൾപ്പെടെ നൃത്തം അവതരിപ്പിച്ചിരുന്നു. ദൂരദർശനിലെ മയിൽപ്പീലി എന്ന കുട്ടികളുടെ പരിപാടിയിലും അവതാരകയായി തിളങ്ങി. ബാങ്ക് ഉദ്യോഗസ്ഥയെന്ന നിലയിലും കഴിവ് തെളിയിച്ച ഷീബ 1994ൽ എസ്.ബി.ടി ആദ്യമായി എ.ടി.എം പുറത്തിറക്കിയപ്പോൾ പരസ്യമോഡലുമായി.

ഇന്നലെ കുറവൻകോണത്തെ വിൻസർ മാൻഷൻ ഫ്ലാറ്റിലും തൈക്കാട് ശാന്തികവാടത്തിലും സാംസ്‌കാരിക-രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ മൃതദേഹത്തിന് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.കലാരംഗത്തും ഉദ്യോഗ രംഗത്തുമെല്ലാം ഒരുപോലെ കഴിവു തെളിയിച്ച ഷീബ 59-ാം വയസിലാണ് കാന്‍സറിന് കീഴടങ്ങി മരണത്തിനൊപ്പം പോയിരിക്കുന്നത്. ഒരു വലിയ സൗഹൃദകൂട്ടത്തിന് ഉടമയായിരുന്ന ഷീബയുടെ മരണ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയാത്തതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവരെല്ലാം ഇപ്പോഴുള്ളത്. വൈകിട്ട് മൂന്നരയോടെ മകൻ വിഷ്‌ണു ശ്യാമപ്രസാദ് അന്ത്യകർമ്മങ്ങൾ നടത്തി.