ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ വീൽച്ചെയർ ലഭിക്കുന്നതിനായി ഭിന്നശേഷിക്കാർക്ക് രണ്ടുവർഷം വരെ കാത്തിരിക്കേണ്ടിവരുന്നതായി റിപ്പോർട്ട്. എൻഎച്ച്എസ് സംവിധാനത്തിലെയും വീൽച്ചെയർ നിർമിക്കുന്ന സ്വകാര്യ കമ്പനികളിലെയും കാലതാമസമാണ് പ്രതിസന്ധിക്ക് കാരണം. ദീർഘകാല കാത്തിരിപ്പ് വീൽച്ചെയർ ആശ്രയിച്ച് ജീവിക്കുന്നവരുടെ സ്വതന്ത്ര ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നതായി ഇംഗ്ലണ്ടിലെ പാർലമെന്ററി ആൻഡ് ഹെൽത്ത് സർവീസ് ഓംബുഡ്‌സ്മാൻ പോള സസെക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മൂന്ന് വയസ്സുള്ള സെറിബ്രൽ പാൾസി ബാധിതനായ കുട്ടിക്ക് വീൽച്ചെയർ ലഭിക്കാൻ ഏഴുമാസം കാത്തിരിക്കേണ്ടിവന്നതിനെ തുടർന്ന് ഇരട്ടസഹോദരനൊപ്പം നേഴ്സറിയിൽ പോകാൻ കഴിഞ്ഞില്ല. ഇതിനിടെ പ്രത്യേക സൗകര്യങ്ങളുള്ള ബഗ്ഗിയിൽനിന്ന് വീണ് കുട്ടിക്ക് പലതവണ പരിക്കേൽക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീൽച്ചെയർ സേവനങ്ങളെക്കുറിച്ചുള്ള പരാതികൾ വർധിച്ചതിനെ തുടർന്നാണ് ഓംബുഡ്‌സ്മാൻ അന്വേഷണം ആരംഭിച്ചത്. 2020-21ൽ എട്ടായിരുന്ന പരാതികൾ 2025-26ൽ 110 ആയി ഉയർന്നു. ഇതിൽ അഞ്ചിൽ നാലും വീൽച്ചെയർ വിതരണം ചെയ്യുന്ന ഏതാനും സ്വകാര്യ കമ്പനികളെക്കുറിച്ചാണ്. സാധാരണയായി 18 ആഴ്ചയ്ക്കുള്ളിൽ ലഭിക്കേണ്ട വീൽച്ചെയറിനും അതിന്റെ ഭാഗങ്ങൾക്കുമായി ഏറെക്കാലം കാത്തിരിക്കേണ്ടിവരുന്നതാണ് പ്രധാന പരാതി. 68 വയസ്സുകാരനായ ഗ്രഹാം വൂൾനറുടെ അനുഭവവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2023 ഓഗസ്റ്റിൽ ലഭിക്കേണ്ടിയിരുന്ന പുതിയ വീൽച്ചെയർ 2024 സെപ്റ്റംബറിലാണ് ലഭിച്ചത്. എന്നാൽ അത് ശരിയായി പ്രവർത്തിച്ചില്ല. പൂർണമായും പ്രവർത്തനക്ഷമമായ വീൽച്ചെയർ ലഭിച്ചത് 2025 ഒക്ടോബറിൽ മാത്രമാണ്. ബാറ്ററി തകരാറിനെത്തുടർന്ന് ഒരു വർഷത്തോളം പുറത്തുപോകാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വീൽച്ചെയർ സേവനങ്ങളുടെ വിലയിരുത്തൽ, അനുയോജ്യമായ ഉപകരണങ്ങൾ നൽകൽ, അറ്റകുറ്റപ്പണികൾ എന്നിവയുടെ മേൽനോട്ടത്തിൽ വ്യക്തമായ നിയന്ത്രണ സംവിധാനമില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഏതാനും സ്വകാര്യ കമ്പനികൾ മാത്രം ആധിപത്യം പുലർത്തുന്ന വിപണിയിൽ സേവനങ്ങളുടെ നിലവാരം ഉറപ്പാക്കുന്നതിലും എൻഎച്ച്എസ് പ്രാദേശിക സംവിധാനങ്ങൾക്ക് വീഴ്ച സംഭവിക്കുന്നുണ്ട്. ദീർഘകാല കാത്തിരിപ്പ് അംഗീകരിക്കാനാവില്ലെന്നും 18 ആഴ്ചയ്ക്കുള്ളിൽ 92 ശതമാനം ആളുകൾക്കും വീൽച്ചെയർ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും എൻഎച്ച്എസ് വക്താവ് വ്യക്തമാക്കി. കാലതാമസം കണ്ടെത്താനും പരിഹരിക്കാനും സേവനദാതാക്കളുമായി പതിവായി അവലോകന യോഗങ്ങൾ നടത്തുമെന്നും എൻഎച്ച്എസ് അറിയിച്ചു.