ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ: മനുഷ്യ കടത്തിന്റെ മുഖം ദുരന്തമായി മാറിയ വാർത്തയാണ് ലണ്ടൻ അടുത്തുള്ള എസെക്‌സിൽ നിന്നും പുറത്തുവരുന്നത്. ഇംഗ്ലണ്ടിലെ വടക്കുകിഴക്കൻ നഗരമായ എസ്സെക്സിൽ ഒരു കണ്ടെയ്നർ ലോറിയിൽ നിന്നും 39 മൃതദേഹങ്ങൾ പോലീസ് കണ്ടെടുത്തു. എസ്സെക്സിലെ ഏറ്റവും വലിയ പട്ടണമായ ഗ്രേയ്സിലെ വാട്ടർഗ്ലോട് ഇൻഡസ്ട്രിയൽ പാർക്കിലാണ് സംഭവം. നോർത്തേൺ അയർലൻഡിൽ നിന്നുള്ള ഇരുപത്തഞ്ചുകാരനായ ലോറിഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ബൾഗേറിയയിൽ നിന്നും പുറപ്പെട്ട വാഹനം, ആംഗിൾസെയ് വഴി ബ്രിട്ടനിലേക്ക് പ്രവേശിച്ചതായി ആണ് പോലീസ് വൃത്തങ്ങൾ രേഖപ്പെടുത്തുന്നത്. മരിച്ച 39 പേരിൽ ഒരു കൗമാരക്കാരൻ മാത്രമേ ഉൾപ്പെടുന്നുള്ളൂവെന്നാണ് ആദ്യ നിഗമനം. അനധികൃതമായി ബ്രിട്ടനിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരുടെ മൃതദേഹങ്ങളാണ് ലോറിയിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. യാത്രയ്ക്കിടെ ആവശ്യത്തിന് ശുദ്ധവായു ലഭിക്കാതെ മരിച്ചതാകാനാണ് സാധ്യത.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ദാരുണമായ സംഭവം ആണ് നടന്നതെന്ന് ചീഫ് സൂപ്രണ്ട് ആൻഡ്രൂ മാറിനെർ രേഖപ്പെടുത്തി. അന്വേഷണം ശക്തമായ രീതിയിൽ പുരോഗമിക്കുന്നുണ്ട്. ലോറി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു എന്നും, അന്വേഷണം കഴിയുന്നതുവരെ കസ്റ്റഡിയിൽ നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ദുഃഖം രേഖപ്പെടുത്തി. ആഭ്യന്തരവകുപ്പും പോലീസും ഫോറൻസിക് എന്നിവർ സംയുക്തമായി പ്രവർത്തിക്കുകയാണെന്നും ഉടനെ കുറ്റക്കാരെ കണ്ടെത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. മരണപ്പെട്ടവരെ കുറിച്ചുള്ള ദുഃഖവും അദ്ദേഹം പങ്കുവെച്ചു. രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലുള്ള പല പ്രമുഖരും സംഭവത്തെ അപലപിച്ചു.
2000ല്‍ സമാനമായ സാഹചര്യത്തില്‍ 58 ചൈനക്കാരുടെ മൃതദേഹം ഡോവറിലെത്തിയ ട്രക്കില്‍ കണ്ടെത്തിയിരുന്നു. ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവരായിരുന്നു ഇവര്‍.
	
		

      
      



              
              
              




            
Leave a Reply