ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തില്‍ ‘സെലിബ്രറ്റി’ സാധ്യത തള്ളാതെ ഇടതുവൃത്തങ്ങള്‍. എല്‍.ഡി.എഫിനെ ചില ഘട്ടങ്ങളില്‍ മാത്രം പിന്തുണച്ച മണ്ഡലമാണ് ചാലക്കുടി. ഈ നിലക്ക് രാഷ്ട്രീയ പ്രവര്‍ത്തകനെന്നതിനപ്പുറത്ത് വിജയസാധ്യതയുള്ള മത്സരാര്‍ഥിയെ കളത്തിലിറക്കാനാണ് പാര്‍ട്ടി നീക്കമെന്നാണ് വിലയിരുത്തല്‍. ചാലക്കുടിയില്‍ നടി മഞ്ജു വാര്യരെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നതായാണ് വിവരം.

2014-ലെ തിരഞ്ഞെടുപ്പില്‍ അവസാന നിമിഷമുണ്ടായ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായിരുന്നു ഇന്നസെന്റിന്റേത്. അന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.സി. ചാക്കോയെ 13,879 വോട്ടുകള്‍ക്കാണ് ഇന്നസെന്റ് തോല്‍പ്പിച്ചത്. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ബെന്നി ബെഹനാന്‍ 1,32,274 വോട്ടുകള്‍ക്ക് ഇന്നസെന്റിനെ തോല്‍പ്പിക്കുകയും ചെയ്തു. പാര്‍ട്ടിക്ക് ശക്തമായ അടിത്തറയില്ലാത്ത മണ്ഡലമെന്ന നിലയ്ക്ക് ഇന്നസെന്റിനെ പോലെ സെലബ്രറ്റിയെ കളത്തിലിറക്കി ചാലക്കുടി പിടിക്കാനാണ് സാധ്യതയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയസാധ്യതകളെ അട്ടിമറിക്കാന്‍ പ്രാപ്തിയുള്ള സ്ഥാനാര്‍ഥിയെ കളത്തിലിറക്കാനാണ് പാര്‍ട്ടി നീക്കം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മഞ്ജുവാര്യരെ കൂടാതെ ഡി.വൈ.എഫ്.ഐ. നേതാവ് ജെയ്ക് സി. തോമസ്, മുന്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, സി.ഐ.ടി.യു. നേതാവ് യു.പി. ജോസഫ് എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായിരുന്നു യു.പി. ജോസഫ്.

തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ചാലക്കുടി ലോകസഭാ മണ്ഡലം. പുനര്‍നിര്‍ണ്ണയത്തെ തുടര്‍ന്ന് മുകുന്ദപുരം മണ്ഡലം ഇല്ലാതായതോടെ 2008 -ലാണ് ചാലക്കുടി മണ്ഡലം രൂപീകരിക്കപ്പെടുന്നത്. പിന്നീട് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളില്‍ രണ്ട് തവണയും യു.ഡി.എഫിനൊപ്പമായിരുന്നു മണ്ഡലം.