ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന ഡിസ്പോസിബിൾ വേപ്പുകൾ നിരോധിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. 2025 ജൂൺ മുതൽ നിരോധനം നടപ്പിൽ വരും. പ്രായപൂർത്തിയായ കുട്ടികളിൽ നിക്കോട്ടിൻ ആസക്തി വർദ്ധിക്കുന്നതും മറ്റ് ദീർഘകാല ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ചുമാണ് ഡിസ്പോസിബിൾ വേപ്പുകൾ നിരോധിക്കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


2024 ജനുവരിയിൽ മുൻ സർക്കാർ ഡിസ്പോസിബിൾ വേപ്പുകൾ നിരോധിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പൊതു തിരഞ്ഞെടുപ്പ് നടന്നതോടെ നിരോധന തീരുമാനം നടപ്പിൽ വരുത്തുന്നതിൽ കാലതാമസം ഉണ്ടാവുകയായിരുന്നു. 2012 നും 2023 നും ഇടയിൽ ഇംഗ്ലണ്ടിലെ വേപ്പിന്റെ ഉപയോഗം 400 ശതമാനത്തിലധികം വർദ്ധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് പൊതുജനങ്ങളിൽ 9 ശതമാനവും ഇത്തരം ഉത്പന്നങ്ങൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നവരാണ്.


യുകെയിൽ 18 വയസ്സിന് താഴെയുള്ളവർക്ക് വേപ്പ് വിൽക്കുന്നത് നിയമ വിരുദ്ധമാണ്. എന്നാൽ ഡിസ്പോസിബിൾ വേപ്പുകൾ റീഫിൽ ചെയ്ത് ഉപയോഗിക്കുന്നവയേക്കാൾ ആകർഷകമായ പായ്ക്കറ്റുകളിൽ വിൽക്കുന്നത് കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ അതിൻറെ പ്രചാരം കുതിച്ചുയരുന്നതിന് കാരണമായതായാണ് കണ്ടെത്തിയിരിക്കുന്നത്. വേപ്പിംഗ് പുകവലിയേക്കാൾ ദോഷകരമല്ലെന്ന് പറയുമ്പോഴും ഇതിൻറെ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ എന്താണെന്നുള്ളതിന്റെ പഠനങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലൊക്കെ നേരത്തെ തന്നെ ഡിസ്പോസിബിൾ വേപ്പുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾക്ക് പുറമേ ഡിസ്പോസിബിൾ വേപ്പുകൾ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.