ലോക് ഡൗൺ നിയന്ത്രണങ്ങളാലും യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും കോവിഡിനെ പരാജയപ്പെടുത്തുന്നതിൽ വിജയിച്ചതിൻെറ ആശ്വാസത്തിലാണ് ബ്രിട്ടൻ. 2020 മാർച്ചിൽ ബ്രിട്ടനിൽ ലോക്ക്ഡൗൺ നടപ്പാക്കാൻ ശക്തമായി വാദിച്ച സേജ് ഉപദേഷ്ടാവ് പ്രൊഫസർ നീൽ ഫെർഗൂസൺ ഇനി ഒരിക്കലും ഒരു ലോക്ക്ഡൗണിലേയ്ക്ക് രാജ്യം എത്തിപ്പെടില്ല എന്ന് അഭിപ്രായപ്പെട്ടു . അടുത്ത വർഷം മുതൽ സാധാരണ പനി പോലെ ചികിത്സിക്കാൻ സാധിക്കുന്ന ഒരു രോഗമായി കോവിഡ് -19 -നെ കീഴടക്കുമെന്ന് വാക്സിൻ വിതരണത്തിൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി പറഞ്ഞു . ക്രിസ്‌മസിന്‌ മുമ്പായി കോവിഡിനെ തുരത്താൻ ബ്രിട്ടൻ 50 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ പദ്ധതി തയ്യാറാക്കിയതായി അദ്ദേഹം അറിയിച്ചു.

വാക്സിൻ വിതരണം ശക്തമാക്കുന്നതിനൊപ്പം ഭാവിയിൽ ഉടലെടുക്കാൻ സാധ്യതയുള്ള വൈറസ് വകഭേദങ്ങളുടെ ആക്രമണത്തിന് തടയിടാൻ പുതിയ പ്രതിരോധമാർഗങ്ങൾ വികസിപ്പിക്കാൻ അധിക ധനസഹായം വകയിരുത്തിയതായി മന്ത്രി നാദിം സഹാവി പറഞ്ഞു. നിലവിലുള്ള വാക്സിനുകൾ കെന്റിൽ കണ്ടെത്തിയതു പോലുള്ള വകഭേദങ്ങളിൽ നിന്ന് സംരക്ഷിക്കുന്നുണ്ടെങ്കിലും പരിവർത്തനം വരുന്ന വൈറസുകൾക്കെതിരെ മുൻകരുതലുകൾ എടുക്കേണ്ടതുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. അധിക ധനസഹായമായി 19.7 മില്ല്യൻ പൗണ്ടാണ് പുതിയ പരീക്ഷണങ്ങൾക്കായി വകയിരുത്തിയിരിക്കുന്നത്. ഇതിനിടെ ഇന്ത്യയുമായി നടത്തിയ പുതിയ വാണിജ്യ വ്യാപാര കരാർ പ്രതിരോധ വാക്സിൻ പരീക്ഷണങ്ങൾക്ക് സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടത്താനിരുന്ന വെർച്യുൽ മീറ്റിങ്ങിന് മുന്നോടിയായി പ്രഖ്യാപിച്ച കരാറിൽ സെറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 240 മില്യൺ പൗണ്ടിൻെറ നിക്ഷേപം ഉൾപ്പെടുന്നത് കോവിഡ് വാക്സിൻെറ ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഗവേഷണങ്ങൾ, വാക്സിൻ നിർമ്മാണം എന്നീ കാര്യങ്ങളെ വളരെ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കോഡജെനിക്സുമായി സംയുക്തമായി ഒരു ഡോസ് നാസൽ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ പരീക്ഷണം സെറം യുകെയിൽ ആരംഭിച്ചിട്ടുണ്ട് .