സംസ്ഥാനത്ത് അതീതീവ്രമഴയില്‍ മരണം പത്തായി. കനത്തമഴയിലും ഉരുള്‍ പൊട്ടലിലും രണ്ടരവയസുകാരി ഉള്‍പ്പെടെ നാല് പേരാണ് മരിച്ചത്. കോട്ടയത്തും കണ്ണൂരിലുമായാണ് മരണം സ്ഥീരീകരിച്ചത്. കണ്ണൂര്‍ പേരാവൂരില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ള പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടര വയസുകാരി തസ്ലീന, താഴെ വെളളറയിലെ രാജേഷ് എന്നിവരുടെ മൃതദേഹം ഇന്ന് കണ്ടെത്തി.
കാണാതായ മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലിലാണ് ഇവരെ കാണാതായത്. കോട്ടയത്ത് ഴുക്കില്‍ പെട്ട കൂട്ടിക്കല്‍ സ്വദേശി റിയാസിന്റെ മൃതദേഹം കൂട്ടിക്കല്‍ ചപ്പാത്തിന് സമീപം കണ്ടെത്തി. ഇന്നലെ ഇയാള്‍ ഒഴുക്കില്‍പെടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
ഇന്നലെ കോതമംഗലം കുട്ടമ്പുഴ ഉരുളന്‍ തണ്ണിയില്‍ വനത്തിനുള്ളില്‍ കാണാതായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. പശുവിനെ അഴിക്കാന്‍ വനത്തിലേക്ക് പോയ പൗലോസ് എന്നയാളുടെ മൃതദേഹം കണ്ടെത്തി. മരത്തിന്റെ കമ്പ് ഒടിഞ്ഞ് വീണ് തലയില്‍ വീണാണ് പൗലോസ് മരിച്ചത്. അതേ സമയം നദികളിലെ ജലനിരപ്പ് ഉയരുകയും പലയിടങ്ങളിലായി വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ചെയ്തു. ചാലക്കുടി പുഴയിലെ ജലിനരിപ്പ് ഉയരുന്നതിനെ തുടര്‍ന്ന് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മുരിങ്ങൂര്‍ ഡിവൈന്‍ കോളനി, പരിയാരം എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് താമസക്കാരെ ക്യാമ്പുകളിലേക്ക് മാറ്റി.
മലയോരമേഖലകളില്‍ തീവ്രമഴയെ തുടര്‍ന്ന് പലയിടത്തും ഉരുള്‍പൊട്ടി. 24 മണിക്കൂറിനുളളില്‍ ചിലയിടങ്ങളില്‍ 200 മില്ലി ലിറ്ററിലേറെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മിന്നല്‍പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
എറണാകുളത്ത് പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. മുവാറ്റുപുഴയിലും കാലടിയിലും ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലാണെന്ന ജില്ലാ കളക്ടര്‍ അറിയിച്ചു. ആലുവ ശിവക്ഷേത്രം പൂര്‍ണമായൃും മുങ്ങി. കോതമംഗലം ഉരുളന്‍തണ്ണിയില്‍ ഒരു കുടുംബം ഒറ്റപ്പെട്ടു. ഉരുളന്‍ തണ്ണി സ്വദേശി വിജേഷും കുടുംബവുമാണ് ഒറ്റപ്പെട്ടത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് ഇവിടെ രാത്രി ഏറെ വൈകിയും രക്ഷാപ്രവര്‍ത്തനം നടന്നത്.
കണ്ണൂരില്‍ നാലിടത്തും കോട്ടയം തീക്കോയിയിലും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. കാഞ്ഞിരപ്പള്ളി കരിമ്പുകയം ക്രോസ് വേയിലും നിരവധി വീടുകളിലും വെള്ളം കയറി. മുണ്ടക്കയം കൂട്ടിക്കല്‍ ടൗണുകളില്‍ കടകളില്‍ വെള്ളം കയറി വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും എന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.











Leave a Reply