സുധീഷ് തോമസ്
18 കുട്ടികൾ വെള്ള വസ്ത്രമണിഞ്ഞ് മുടിയും ചൂടി മാലാഖമാരെപ്പോലെയും 12 അപ്പസ്തോലന്മാരെ പ്രതിനിധീകരിക്കുമാറ് 12 അൾത്താര ബാലിക ബാലന്മാരും പരിശുദ്ധ ത്രിത്വത്തിന്റെ പ്രതീകമായി മുഖ്യകാർമ്മികൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും സഹകാർമികരായി ഫാ. ജോ മൂലച്ചേരി, ഫാ. ജോർജ് എട്ടുപറയിൽ എന്നിവരുടെ കൂട്ടായ്മയിലും ശുഭ വസ്ത്രങ്ങൾ അണിഞ്ഞ വിശുദ്ധ ഗണത്തിനു പ്രതീകാത്മകമായ വിശ്വാസികളുടെ സാന്നിധ്യവും കുട്ടികളുടെ വസ്ത്രത്തിന് യോജിച്ച വിധത്തിൽ വെള്ളയും പച്ചയും കലർന്ന പുഷ്പ ലതാതികൾ കൊണ്ട് അലങ്കരിച്ച ദേവാലയത്തിൽ സ്വർഗീയ സംഗീതം ആലപിച്ച ഗായക സംഘത്തിന്റെ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ ദിവ്യകാരുണ്യ തിരുകർമ്മങ്ങൾക്ക് സ്റ്റോക്ക് ഓൺ ട്രെൻഡിലെ സെൻറ് ജോസഫ് ദേവാലയം വേദിയായപ്പോൾ സാക്ഷാൽ സ്വർഗ്ഗം താഴ്ന്നിറങ്ങി ദേവാലയത്തിൽ സമ്മേളിച്ച സ്വർഗ്ഗീയാനുഭൂതി ഉളവാക്കി.
സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ഏറ്റവും വലിയ മിഷനുകളിൽ ഒന്നായ അവർ ലേഡി ഓഫ് പെർപ്പച്വൽ ഹെൽപ്പ് മിഷൻ സ്റ്റോക്ക് ഓൺ ട്രെൻഡിൽ ജൂലൈ മാസം പതിനെട്ടാം തീയതി ഉച്ചകഴിഞ്ഞ് 2. 30 pm സ്റ്റോക്ക് ഓൺ ട്രെൻഡിലുള്ള സെൻറ് ജോസഫ് ദേവാലയത്തിൽ വച്ച് നടന്ന 18 കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻറെ മുഖ്യകാർമികത്വത്തിലും ഫാ. ജോ മൂലച്ചേരി (ബിഷപ്പ് സെക്രട്ടറി), മിഷൻ വികാരി ഫാ. ജോർജ് എട്ടു പറയിൽഎന്നിവരുടെ സഹകാർമികത്വത്തിലും നടത്തപ്പെട്ടു. 2. 30 pm ന് 18 കുട്ടികൾ പ്രദിക്ഷിണമായി മാർ ജോസഫ് പിതാവിന്റെയും മറ്റ് വൈദികരുടെയും അൾത്താര ശുശ്രൂഷകരുടെയും അധ്യാപകരുടെയും ഒപ്പം ദേവാലയത്തിൽ പ്രവേശിച്ചപ്പോൾ ദിവ്യകാരുണ്യ തിരുകർമങ്ങൾക്ക് തുടക്കംകുറിച്ചു.
കഴിഞ്ഞ മൂന്നര മാസത്തോളമായി മതബോധന അധ്യാപകരായ ജാസ്മിൻ സജി ടീച്ചർ, ജസ്റ്റിൻ കുര്യൻ സാർ എന്നിവരുടെ ശിക്ഷണത്തിൽ ആണ് ദിവ്യകാരുണ്യ സ്വീകരണത്തിനു വേണ്ടി കുട്ടികളെ ഒരുക്കിയത്. 23 ഘട്ടങ്ങളായി കുട്ടികളെ എങ്ങനെ വിശ്വാസജീവിതത്തിൽ വിശുദ്ധ കുർബാനയ്ക്കും ദിവ്യകാരുണ്യത്തിനും വിശുദ്ധ കുമ്പസാരത്തിനും അതോടൊപ്പം ദൈവപ്രമാണങ്ങൾക്കും മറ്റു കൂദാശകൾക്കുമുള്ള പ്രാധാന്യത്തെപ്പറ്റി കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു. ജ്ഞാനത്തിലും പ്രായത്തിലും യേശു വളർന്നുവന്നത് പോലെ ഈ കുട്ടികൾ സഭയ്ക്കും സമൂഹത്തിലും കുടുംബത്തിനും മാതൃകാപരമായി വിശുദ്ധ ജീവിതം നയിക്കുവാൻ പ്രചോദനമേകുന്ന തരത്തിൽ അവരെ ഒരുക്കുകയും ചെയ്തു.
367 കുട്ടികൾ മതബോധനം അഭ്യസിക്കുന്ന ഓഫ് മിഷനിൽ 39 കുട്ടികളെ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുക്കുകയും അതിൽ 18 കുട്ടികൾ അന്നേദിവസം പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്തു. ദിവ്യകാരുണ്യ സ്വീകരണ ദിവ്യബലി സന്ദേശത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ദിവ്യകാരുണ്യ സ്വീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ നമുക്ക് ലഭിക്കുന്ന മൂന്ന് പ്രധാന അനുഗ്രഹമായ പാപത്തിൽ നിന്നുള്ള മോചനം നിത്യമായ രക്ഷ നിത്യമായ ജീവിതം ഇവ കുട്ടികൾക്ക് വിവരിച്ചു കൊടുക്കുകയും ചെയ്തു. അതുകൂടാതെ സർവ്വാധിപനായ പിതാവ്, പുത്രൻ പരിശുദ്ധാത്മാവായ ത്രീ ഏക ദൈവം നമ്മളിൽ വന്ന് വസിക്കുന്ന സമയമാണ് ദിവ്യകാരുണ്യ സ്വീകരണം. പാപമാണ് നമ്മളെ ഈശോയിൽ നിന്നും അകറ്റുന്നത് എന്നും ഉദ്ബോധിപ്പിക്കുകയുണ്ടായി . വിശുദ്ധ കുർബാന എന്നത് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരുന്ന ജീവനുള്ള അപ്പമാണ്.
ദിവ്യബലിക്കുശേഷം മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് കുട്ടികൾക്ക് വിശുദ്ധ വസ്തുക്കൾ വെഞ്ചരിച്ചു നൽകുകയും അതോടൊപ്പം ദിവ്യകാരുണ്യ സാക്ഷ്യപത്രം, ബൈബിൾ എന്നിവ നൽകുകയും, കുട്ടികൾക്കും മാതാപിതാക്കൾക്കുമൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു . കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകുകയും ചെയ്തു. തുടർന്ന് മിഷൻ വികാരി ഫാ.ജോർജ് എട്ടുപറയിൽ തന്റെ നന്ദി പ്രകാശന സമയത്ത് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ശുശ്രൂഷകൾക്കും സഹായങ്ങൾക്കും സ്നേഹത്തിനും പ്രത്യേകം നന്ദി അറിയിക്കുകയും, പിതാവ് നമുക്ക് ആത്മീയ അപ്പനാണെന്ന കാര്യം ഓർമിപ്പിക്കുകയും ചെയ്തു.അതുപോലെ തന്നെ പിതാവിൻറെ സെക്രട്ടറിയായ ഫാ.ജോ മൂലച്ചേരിയുടെ സഹകാർമികത്വത്തിനും സഹായത്തിനും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.കൂടാതെ ഈ ദിവ്യകാരുണ്യ സ്വീകരണം ഒരു സ്വർഗ്ഗീയ അനുഭൂതി ആക്കിയ വിവിധ കമ്മിറ്റി അംഗങ്ങൾക്ക് അച്ഛൻ പ്രത്യേക നന്ദി അറിയിച്ചു.വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ച സൺഡേസ്കൂൾ ഹെഡ് ടീച്ചർ,മതബോധന അധ്യാപകർ,അൾത്താര ശുശ്രൂഷകർ,അവരെ ഒരുക്കിയ സഹായികൾ,ദേവാലയം മനോഹരമായി അലങ്കരിച്ച മാതൃവേദി അംഗങ്ങൾ,മനോഹരമായി സ്വർഗ്ഗീയ ഗാനം ആലപിച്ച ഗായകസംഘങ്ങൾ,ദിവ്യകാരുണ്യ സ്വീകരണത്തിൽ സഹായിച്ച 3 കൈക്കാരന്മാർ, കൂടാതെ ദിവ്യകാരുണ്യ സ്വീകരണത്തിന് എല്ലാവിധ സഹായങ്ങളും ഈ കൂട്ടായ്മയിൽ വച്ച് ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കുട്ടികളുടെ മാതാപിതാക്കൾ എന്നിവരെ പ്രത്യേകം നന്ദി അറിയിച്ചു കൊണ്ട് ദിവ്യകാരുണ്യ തിരുകർമ്മങ്ങൾക്ക് തിരശീലവീണു.കൂടാതെ ഈ സുശ്രൂഷകൾ മിഷൻറെ ഫേസ്ബുക്ക് പേജിലും യൂട്യൂബിലും ലൈവായി ടെലികാസ്റ്റ് ചെയ്യുകയുമുണ്ടായി.
Leave a Reply