പോപ് ഗായകൻ സെയ്ൻ മാലിക്കിന് (Zayn Malik)ഇന്ന് 29ാം പിറന്നാൾ. പ്രമുഖ ബ്രിട്ടീഷ് പോപ് ബാൻഡായ വൺ ഡയറക്ഷൻ (One Direction) മുൻ ഗായകനായ സെയ്ൻ മാലിക്കിന് ഇന്ത്യയിലും കേരളത്തിലുമടക്കം നിരവധി ആരാധകരാണുള്ളത്.

ബ്രിട്ടീഷ്-പാകിസ്ഥാനിയായ യാസർ മാലിക്കിന്റേയും ഐറിഷ് വംശജയായ ട്രിസിയ ബ്രന്നന്റേയും മകനായി 1993 ജനുവരി 12 നാണ് സെയ്നുൽ ജവാദ് മാലിക് എന്ന സെയ്ൻ മാലിക്കിന്റെ ജനനം. ബ്രാഡ്‌ഫോർഡിൽ ജനിച്ച് വളർന്ന മാലിക് 2010 ൽ ബ്രിട്ടീഷ് സംഗീത മത്സരമായ എക്സ് ഫാക്ടറിൽ മത്സരാർത്ഥിയായാണ് സംഗീത ലോകത്ത് എത്തുന്നത്.

എക്സ് ഫാക്ടറിൽ മത്സരിച്ച മറ്റ് നാല് പേർക്കൊപ്പമാണ് സെയ്‍ൻ വൺ ഡയറക്ഷൻ എന്ന ബോയ് ബാൻഡിൽ എത്തുന്നത്. പിന്നീട് ബാൻഡ് വിട്ട് സോളോ ഗാനങ്ങൾ പുറത്തിറക്കി തുടങ്ങി.

സൂപ്പർ മോഡൽ ജിജി ഹദീദിനൊപ്പമാണ് സെയ്ൻ മാലിക്കിന്റെ പേര് ഏറ്റവും കൂടുതൽ ഉയർന്നു കേട്ടത്. ഇരുവർക്കും ഖായ് എന്ന പേരിൽ ഒരു വയസ്സുള്ള മകളുമുണ്ട്. അടുത്തിടെയാണ് ഇരുവരും വേർപിരിഞ്ഞത്.

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ആൾകൂട്ടത്തിൽ നിന്നും ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാണ് ആരാധകർ സീ എന്ന് വിളിക്കുന്ന സെയ്ൻ മാലിക്കിന്റെ ശീലം. ഇൻസ്റ്റഗ്രാമിൽ 44 മില്യൺ ആളുകളാണ് സെയിനെ ഫോളോ ചെയ്യുന്നത്.

ഉൾവലിഞ്ഞു നിൽക്കുന്ന സ്വഭാവമാണെങ്കിലും കരിയറിലും വ്യക്തിജീവിതത്തിലും വിവാദങ്ങൾ അദ്ദേഹത്തിനൊപ്പമുണ്ട്. 2015 ൽ വൺ ഡയറക്ഷനിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതാണ് ഇതിൽ പ്രധാനം. ഇതിനു ശേഷം ശ്രദ്ധേയമായ നിരവധി സംഗീതങ്ങളുമായി സെയ്ൻ ആരാധകർക്കരികിലേക്ക് എത്തി.

സെയ്നിന്റെ മൈൻഡ് ഓഫ് മൈൻ ആദ്യ ആൽബം യുകെയിലും യുഎസ്സിലും ഒന്നാമതായിരുന്നു. ഈ റെക്കോർഡ് നേടുന്ന ആദ്യ ബ്രിട്ടീഷ് ഗായകനാണ് സെയ്ൻ. പില്ലോ ടോക്ക്, ബ്ലൈൻഡിങ് ലൈറ്റ്സ് എന്നീ ഗാനങ്ങളും ആഗോള തലത്തിൽ തന്നെ സൂപ്പർഹിറ്റായിരുന്നു.

ബോളിവുഡ് ഗാനങ്ങളുടെ ആരാധകനാണ് താനെന്ന് നിരവധി അഭിമുഖങ്ങളിൽ സെയ്ൻ മാലിക് പറഞ്ഞിട്ടുണ്ട്. ടൈറ്റ് റോപ്പ് എന്ന ഗാനത്തിൽ ഹിന്ദി ഗാനമായ ചോദ് വീ കാ ചാന്ദ് ഹോ എന്ന ഗാനത്തിന്റെ കവർ സെയ്ൻ അവതരിപ്പിച്ചിരുന്നു. തന്റെ മുത്തശ്ശൻ പഴയ ഹിന്ദി ഗാനങ്ങളുടെ ആരാധകനാണെന്നും അദ്ദേഹത്തിന്റെ ഇഷ്ടഗാനമാണ് ഇതെന്നുമായിരുന്നു സെയ്ൻ പറഞ്ഞത്.