ചൊവ്വാഴ്ച്ച രാവിലെ മരിച്ച നിലയില്‍ കാണപ്പെട്ട കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ അനുസ്മരിച്ച് വിഴിഞ്ഞം സീപോര്‍ട്ട് എംഡി ദിവ്യ എസ് അയ്യര്‍. ദിവ്യ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വിവരം പങ്കുവെച്ചത്. തന്നോടൊപ്പം പത്തനംത്തിട്ടയില്‍ തന്റെ കീഴില്‍ തഹസില്‍ദാറായി പ്രവര്‍ത്തിച്ച കാലത്തെ കുറിച്ചും ദിവ്യ പോസ്റ്റില്‍ പറയുന്നുണ്ട്. നവീൻ ബാബു ഏത് പാതിരാത്രിയിലും ഏതു വിഷയത്തിലും കര്‍മ്മനിരതനായി പ്രവര്‍ത്തിച്ചിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
കുറിപ്പിന്റെ പൂര്‍ണരൂപം
‘വിശ്വസിക്കാനാകുന്നില്ല നവീനേ!
പത്തനംതിട്ടയില്‍ എന്റെ തഹസീല്‍ദാരായി റാന്നിയില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പകര്‍ത്തിയ ഈ ചിത്രത്തില്‍ നിങ്ങള്‍ ആദരണീനായ റവന്യു മന്ത്രി കെ രാജന്‍, റാന്നി എം എല്‍ എ പ്രമോദ് നാരായണന്‍ എന്നിവരെ തിരിച്ചറിയുന്നുണ്ടാകും. ആദ്യ ചിത്രത്തില്‍ വലതുവശം എന്റെ പുറകെ ഇളം പച്ച ഷര്‍ട്ട് ഇട്ടു മാസ്‌ക് അണിഞ്ഞു നവീന്‍ നില്‍പ്പുണ്ട്. രണ്ടാം ചിത്രത്തിലും പുറകില്‍ പിങ്ക് ഷര്‍ട്ടും മാസ്‌കും അണിഞ്ഞു നവീന്‍ നില്‍ക്കുമ്പോള്‍ റവന്യു മന്ത്രി വിസിറ്റഴ്സ് നോട്ട് ഇല്‍ അഭിനന്ദനക്കുറിപ്പ് എഴുതുന്നു.
എന്നും ഞങ്ങള്‍ക്ക് ഒരു ബലം ആയിരുന്നു തഹസീല്‍ദാര്‍ എന്ന നിലയില്‍ റാന്നിയില്‍ നവീന്റെ പ്രവര്‍ത്തനം. ഏതു പാതിരാത്രിയും, ഏതു വിഷയത്തിലും കര്‍മ്മനിരതനായി, ഈ ചിത്രങ്ങളില്‍ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീന്‍ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവര്‍ത്തകന്‍ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോര്‍ക്കുമ്പോള്‍… ??അമ്മ മരണപ്പെട്ട തരുണത്തില്‍ ഞാന്‍ നവീന്റെ വീട്ടില്‍ പോയിരുന്നു. എത്ര മാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകന്‍ ആയിരുന്നു നവീന്‍ എന്നു അന്നു ഞാന്‍ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. ദുഃഖം പേറുവാന്‍ ഞങ്ങളും ഒപ്പമുണ്ട്.’
കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച കാലത്താണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.
Leave a Reply